സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍; ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ട്ടിച്ച സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണ് സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും, കേസിലാക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോര്‍ട്ടിലെ സാരാംശം മുഖ്യമന്ത്രി വായിക്കുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗ് പ്രതിനിധി കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു സഭയിലെ ആദ്യ ചടങ്ങ്. തുടര്‍ന്ന് മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബഹളം തുടങ്ങി. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ടിട്ടല്ലേ സഭ ചേര്‍ന്നതെന്ന് സ്പീക്കര്‍ ചോദിച്ചു. റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ എല്ലാ നിയമസഭാംഗങ്ങള്‍ക്കും നല്‍കി.

അതേസമയം, കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബുധാനാഴ്ച രാത്രി വൈകിയാണ് ഉത്തരവ് തയാറാക്കിയത്.അന്വേഷണ സംഘത്തെയും ജുഡിഷ്യല്‍ കമ്മിഷനെയും നിയോഗിക്കുമെന്ന് ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിയമപരമായ നിലനില്‍പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഉത്തരവിറക്കുന്നത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മുന്‍പ് തീരുമാനിച്ച അതേ സംഘത്തെതന്നെ അന്വേഷണത്തിനു ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.

സരിതയുടെ മൊഴി പരിശോധിച്ചാല്‍ മനസിലാകുക ലൈംഗിക ബന്ധം ഉഭയകക്ഷി ബന്ധപ്രകാരമായിരുന്നുവെന്നാണ്. കേസെടുത്താല്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നുമാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മാനഭംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കുമെന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചനയുണ്ടെങ്കിലും പൊതു അന്വേഷണം നടത്താനാണ് നീക്കം. പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.