തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്ന് ഉമ്മന്‍ ചാണ്ടി; ആരാണെന്നത് സമയമാകുമ്പോള്‍ വെളിപ്പെടുത്തും

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച വ്യക്തി ആര്‍. ബാലകൃഷ്ണ പിള്ള അല്ലെന്ന് ഉമ്മന്‍ ചാണ്ടി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് ആര്‍ ബാലകൃഷ്ണ പിള്ളയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കണ്ടെന്നും അത് തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതാരാണെന്നത് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ ബ്ലാക്ക് മെയിലിന് വിധേയനായെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയത്. ഒരുപാട് പേര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അതില്‍ ഒരാള്‍ക്ക് വിധേയനായതില്‍ തനിക്ക് ദുഖമുണ്ടെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്. അതാരെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ന് ചില മാധ്യമങ്ങള്‍ അത് ആര്‍ ബാലകൃഷ്ണ പിള്ളയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതികരണവുമായി രംഗത്തെത്തിയത്. ഒരുഭീഷണിക്കും വഴങ്ങാത്ത ഞാന്‍ ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങി. കമ്മീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റ് ചില കാര്യങ്ങള്‍ അബദ്ധമായോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. കേസുമായി ബന്ധപ്പെട്ട് ആരുടെയും കാലുപിടിക്കാന്‍ പോകില്ല. നിയമപരമായി നേരിടും. അന്തിമവിധി വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും. ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.