ജിഷയുടെ അച്ഛന് ലക്ഷങ്ങളുടെ സമ്പാദ്യം ; മരിച്ചതിനു പിന്നാലെ അവകാശത്തിനായി മകളും ഭാര്യയും രംഗത്ത്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവിന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങള്‍‌.പാപ്പു മരിച്ചതിന് പിറ്റേദിവസമാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന വിവരം പുറത്തറിയുന്നത്. മൃതദേഹം പരിശോധിച്ച പോലീസ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ബാങ്ക് പാസ് ബുക്ക് കണ്ടെടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാപ്പുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാപ്പുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് എസ്ബിഐ ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് പാപ്പുവിന്റെ അക്കൗണ്ടില്‍ 4,32,000 രൂപയുണ്ടെന്ന് വ്യക്തമായത്. ഇക്കാര്യം കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്വത്തിനെ ചൊല്ലി ഭാര്യയും മകളും രംഗത്ത് വന്നത് . അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് ലക്ഷം രൂപ പാപ്പുവിന് ധനസഹായം നല്‍കിയിരുന്നു. ഈ തുകയാണ് ബാങ്കിലുണ്ടായിരുന്നത്. ഇതില്‍നിന്ന് പലതവണകളായി പാപ്പു പണം പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമേ താമസിച്ചിരുന്ന വീടും മൂന്നു സെന്റ് സ്ഥലവും പാപ്പുവിന്റെ പേരിലുണ്ട്. എന്നാല്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി അയല്‍ക്കാരിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സരോജിനിയമ്മയാണ്. ഇതോടെയാണ് പാപ്പുവിന്റെ സ്വത്ത് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ ഇത്രയധികം പണമുണ്ടെന്ന കാര്യം ഭാര്യയ്‌ക്കോ മകള്‍ക്കോ അറിയില്ലായിരുന്നു. അക്കൗണ്ടിലെ പണത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് പാപ്പുവിന്റെ മകള്‍ ദീപ സ്വത്തിനായി രംഗത്തെത്തിയത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് ലഭിക്കണമെന്നാണ് മൂത്തമകള്‍ ദീപയുടെ അവകാശവാദം. എന്നാല്‍ നിത്യരോഗിയായിരുന്ന പാപ്പുവിനെ സംരക്ഷിക്കാനോ ചികിത്സിക്കാനോ തയ്യാറാകാതിരുന്ന മകള്‍ക്കും ഭാര്യ രാജേശ്വരിക്കും സ്വത്തുക്കള്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

വര്‍ഷങ്ങളായി ഇയാള്‍ തനിച്ചായിരുന്നു താമസം. അക്കൗണ്ട് തുടങ്ങാന്‍ പണമില്ലാത്തതിനാല്‍ പാപ്പുവിന് പണം നല്‍കി സഹായിച്ചത് സരോജിനിയമ്മയായിരുന്നു. ബാങ്ക് അക്കൗണ്ട് ആരംഭിച്ചതിന് ശേഷമാണ് അംബേദ്ക്കര്‍ ഫൗണ്ടേഷന്റെ ധനസഹായം പാപ്പുവിന് ലഭിച്ചത്. എന്നാല്‍ ധനസഹായത്തെക്കുറിച്ചോ, തന്റെ പേര് നോമിനിയാക്കിയ വിവരമോ തനിക്കറിയില്ലെന്നാണ് സരോജിനിയമ്മ പറയുന്നത്. ബാങ്കിലെ പണത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനമെടുക്കണം. അധികൃതരുടെ നിര്‍ദേശപ്രകാരം ആര്‍ക്കു വേണമെങ്കിലും പണമെടുത്ത് നല്‍കാമെന്നും സരോജിനിയമ്മ വ്യക്തമാക്കുന്നു.