അമ്പൊമ്പോ ഇതെന്തൊരു ബൗളിംഗ്; ഒരു പിടിയും കിട്ടുന്നില്ല; വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുമായി ശ്രീലങ്കന്‍ യുവതാരം

കൊളംബൊ: ക്രിക്കറ്റില്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തി ബാറ്‌സ്മാന്മാര്‍ സ്റ്റാറാകുമ്പോള്‍ വ്യത്യസ്തമായ ബൗളിംഗ് ശൈലികൊണ്ട് പലപ്പോഴും വട്ടം കറക്കി ബൗളര്‍മാരും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുകള്‍ സ്വന്തമായുള്ള കുറച്ച് താരങ്ങളുണ്ട്. സെയ്ന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, അജാന്ത മെന്‍ഡിസ്, മലിംഗ, പാക്കിസ്ഥാന്റെ സൊഹൈല്‍ തന്‍വീര്‍ എന്നിങ്ങനെ പോകുന്നു ഈ നിര. ഇവരുടെ ഗണത്തിലേക്ക് മറ്റൊരു ക്രിക്കറ്റ് താരം കൂടി കടന്നു വരുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. അതും ശ്രീലങ്കയില്‍ നിന്നാണ്.

ആളൊരു കുട്ടി ക്രിക്കറ്ററാണ്. ബൗളിംഗ് ആക്ഷനിലെ വ്യത്യസ്ഥതന്നെയാണ് ഇവനെയും താരമാക്കിയത്. കെവിന്‍ കോത്തിഗോഡയെന്ന ലെഗ് സ്പിന്നര്‍ പന്തെറിയുന്നതു ‘യോഗ ചെയ്യുന്നതു പോലെ’ എന്ന കമന്റുമായി ഈ ചിത്രം ട്വിറ്ററില്‍ ഇന്നലെ ട്രെന്‍ഡിങ്ങായി. മലേഷ്യയില്‍ യൂത്ത് ഏഷ്യ കപ്പ് കളിക്കുന്ന ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമില്‍ അംഗമാണ് കോത്തിഗോഡ. പയ്യന്‍സിനു ഭാവിയുണ്ടെന്നാണ് ലങ്കന്‍ ക്രിക്കറ്റിലെ മഹാരഥന്മാരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസിലൂടെ വിശ്വവിഖ്യാതമായി മാറിയ ചൈനാമെന്‍ ബോളിങ് വിഭാഗത്തിലെ പുതിയ കണ്ണിയാണ് ശ്രീലങ്കയില്‍നിന്നുള്ള ഈ യുവതാരം. ഏതാണ്ട് പോള്‍ ആഡംസിന്റേതിനു സമാനമാണ് കെവിന്റെ ബോളിങ് ആക്ഷന്‍ (കുറച്ചുകൂടി വിചിത്രമാണെങ്കിലേയുള്ളൂ). ചൈനമാന്‍ ബോളറായി അറിയപ്പെടുന്ന പോള്‍ ആഡംസ് ഇടംകയ്യന്‍ ബോളറായിരുന്നെങ്കില്‍ കെവിന്‍ കോത്തിഗോഡ വലംകയ്യനാണെന്ന വ്യത്യാസം മാത്രം.