ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്; നടി നേഹ ശര്‍മ

ലൊക്കേഷനില്‍ എത്തുന്നതുവരെ ദുല്‍ഖര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു എന്ന് നടി നേഹ ശര്‍മ. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ക്കര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി വിക്കിപീഡിയയില്‍ തിരഞ്ഞെന്നും നടി വെളിപ്പെടുത്തി.

നേഹയെ അമ്പരപ്പിച്ച നായകന്‍ മറ്റാരുമല്ല മലയാള സിനിമയുടെ പ്രീയങ്കരനായ യുവനടന്‍ ദുല്‍ഖറാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയില്‍ വേള്‍ഡ് ഓഫ് രുദ്ര എന്ന ഹ്രസ്വചിത്രത്തിലെ നായികയായിരുന്നു നേഹ. മലയാളത്തിന് പുറമെ സോളോയുടെ തമിഴ് പതിപ്പിലും നായിക നേഹയായിരുന്നു.

‘നല്ലൊരു പ്രൊഫഷണലാണ് ദുല്‍ഖര്‍. പറയുന്നത് ക്ലീഷേയാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒപ്പം ജോലി ചെയ്യുക എന്നത് മികച്ചൊരു അനുഭവമാണ്. തന്റെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് അദ്ദേഹം.’ -നേഹ ശര്‍മ പറഞ്ഞു.

‘ദുല്‍ക്കര്‍ ഇത്ര വലിയൊരു താരമാണ് എന്ന് എനിക്കറിയില്ലായിരുന്നു. എന്റേതായ ഒരു ലോകത്ത് കഴിയുകയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ ഒരു നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ക്കര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി ഞാന്‍ വിക്കിപീഡിയയില്‍ തിരയുക വരെ ചെയ്തു.’-നേഹ പറഞ്ഞു.