സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല, മന്ത്രിസ്ഥാനമൊഴിയണമെന്ന് ചെന്നിത്തല

തൃശ്ശൂര്‍: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സി.പി.ഐ മന്ത്രിമാര്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ചരിത്രത്തിലെ ആദ്യസംഭവമാണ്. ഇതുപോലെ ഒരു ഭരണഅനിശ്ചിതത്വം ഇതിനു മുന്‍പെങ്ങും ഉണ്ടായിട്ടില്ല.. സ്വന്തം ക്യാബിനെറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാവുകയെന്നും ചെന്നിത്തല ചോദിച്ചു.

സി.പി.എമ്മുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതുകൊണ്ടാണോ മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം നിരപരാധിത്വം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് പറയാന്‍ ഇതെന്താ ഓട്ടമത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയുമാണ് കേരളത്തിന്റേത്. പരസ്പരവിശ്വാസമില്ലാത്ത ഇത്തരമൊരു മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാവും. ഒന്നരവര്‍ഷത്തെ ഇടതുഭരണം ജനങ്ങളെ പൂര്‍ണമായും നിരാശരാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വന്തം അഭിപ്രായം അറിയിക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് സമരം ചെയ്യേണ്ട ഗതികേടിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സി.പി.ഐ മന്ത്രിമാര്‍ സമാന്തര യോഗം നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് മുഖം നഷ്ടമായിരിക്കുന്നു. ഇടതു മുന്നണിയുടെ കൂട്ടുത്തരവാദിത്വം നഷ്ട്ടമായതിന്റെ തെളിവാണിത്. മന്ത്രിമാര്‍ക്കു മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല. ഭരണ പ്രതിസന്ധിയാണിതെന്നും ചെന്നിത്തല പറഞ്ഞു.