തിരുവനന്തപുരത്തെ കാര്‍ അപകടം ; പരിക്കേറ്റ പെണ്‍കുട്ടികളുടെ നില അതീവ ഗുരുതരം ; സംഭവം ഒതുക്കാന്‍ പോലീസ് ശ്രമം

തിരുവനന്തപുരം : തിരുവനന്തപുരം നഗരധ്യത്തില്‍ രാജ്ഭവനു സമീപം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പെണ്‍കുട്ടികളുടെയും നില ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രിയാണ് അമിത വേഗതയില്‍ എത്തിയ സ്‌കോഡ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും രണ്ട് വൈദ്യുത പോസ്റ്റുകളിലും ഇടിച്ച് മറിഞ്ഞത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് (24) മരിക്കുകയും ചെയ്തു. പഞ്ചനക്ഷത്ര ഹോട്ടലായ എസ്പി ഗ്രാന്‍ഡ് ഡെയ്‌സ് ഉടമയുടെ മകനാണ് ആദര്‍ശ്. തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശില്‍പ്പ (23) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ന്യൂ തിയേറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകളാണ് ഗൗരി. താല്‍ക്കാലിക രജിസ്‌ട്രേഷനിലുള്ള സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്.

അമിതവേഗതയിലായിരുന്ന കാര്‍ ഓട്ടോയില്‍ ഇടിച്ചശേഷം­ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച്­ തലകീഴായി മറിയുകയായിരുന്നു. കാര്‍ ഇടിച്ച ഓട്ടോയുടെ ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. മത്സരയോട്ടത്തിന്റെ ഫലമായാണ് അപകടം നടന്നത് എന്ന് പറയപ്പെടുന്നു. ആദര്‍ശ് വാങ്ങിയ പുതിയ വാഹനത്തിന്റെ ചിലവ് താജ് ഹോട്ടലില്‍ കൊഴുപ്പിച്ച ശേഷമാണ് സംഘം വാഹനവുമായി റോഡിലേക്ക് ഇറങ്ങിയത്. ശേഷം ഇവര്‍ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന യുവാവ്, ബെന്‍സ് കാറുമായി മത്സരയോട്ടത്തിന് തുടക്കമിട്ടു. താജ് ഹോട്ടലിന്റെ മുന്നില്‍ നിന്ന് മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് എത്താന്‍ വെറും ഒന്നേമുക്കാല്‍ മിനിറ്റു മാത്രമേ സംഘത്തിന് വേണ്ടി വന്നുള്ളൂ. അമിത വേഗതയില്‍ പാഞ്ഞ വാഹനം വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മുന്‍പേ പോയ ഒരു ഓട്ടോറിക്ഷയെ കാര്‍ ഇടിച്ചുമറിക്കുകയും ചെയ്തു. ഇതിനുശേഷം റോഡരികിലെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ശേഷം സമീപത്തെ മരത്തിലിടിച്ച് വനിതാവികസന കോര്‍പറേഷന്റെ മതില്‍ക്കെട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അതേസമയം വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരും പൊലീസുകാരും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുമെന്നാണ് പൊലീസ് കമീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാറിന് (42) പരുക്കേല്‍ക്കുകയും ചെയ്തു. സജി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അമിതവേഗതയിലാണ് സംഘം വന്നതെന്നും സജി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍. പുതിയ കാര്‍ വാങ്ങിയതിന്റെ ചിലവായിരുന്നു താജ് ഹോട്ടലില്‍ നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ, കവടിയാര്‍-വെള്ളയമ്പലം റോഡ് മത്സരയോട്ടത്തിന് പേരുകേട്ടതാണ്. രാത്രി 10 മണിക്ക് ശേഷം വന്‍കിട ബൈക്കുകളിലും കാറിലും എത്തുന്ന സംഘങ്ങള്‍ മരണവേഗത്തിലാണ് ഇതിലൂടെ വാഹനമോടിക്കുന്നത്. പണമുള്ളവരുടെ വീട്ടിലെ കുട്ടികള്‍ ആയത് കൊണ്ട് പോലീസും നോക്ക് കുത്തിയായി മാറുകയാണ് പതിവ്.

മത്സരയോട്ടത്തിന് എത്തുന്നത് പണക്കാരുടെ മക്കളും ബന്ധുക്കളുമായതിനാല്‍, പൊലീസും ഈ ഭാഗത്തോട് അധികം അടുക്കാറില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറോളം അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അപകടസമയത്ത് ഈ റോഡിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഇന്നലെ അപകടം നടന്ന ഉടന്‍ ഒരു ബറ്റാലിയന്‍ പോലീസാണ് സ്ഥലത്ത് എത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അടക്കമുള്ളവരെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിക്കുവാനാണ് പോലീസ് ശ്രമിച്ചത്. കാറിന്റെ ചിത്രം പകര്‍ത്തുന്നത് പോലും തടയുവാന്‍ പോലീസ് ശ്രമിച്ചു. അതുപോലെ അപകടം നടന്നതിനെ പറ്റി ഇന്നത്തെ പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തല തിരിഞ്ഞതായിരുന്നു. പോലീസ് ഇടപെട്ടു സംഭവം മുക്കുവാന്‍ ശ്രമിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഒരു അപകടത്തിനു പിന്നാലെ അവിടെകിടന്നു പോലീസ് കാട്ടിക്കൂട്ടിയ പരിപാടികള്‍.