ദേ..പുട്ട് ഉദ്ഘാടനത്തിന് ദുബൈയില്‍ പോകണം; ജാമ്യത്തില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍

ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു.ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തന്റെ സ്ഥാപനമായ ‘ദേ.. പുട്ടി’ന്റെ ഉദ്ഘാടനത്തിന് പോവുന്നതിന് അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ സമര്‍പ്പിക്കണമെന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യാപേക്ഷ തള്ളിയ കോടതിഅഞ്ചാമത്തെ അപേക്ഷയിലാണ് ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം 22 നകം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. കുറ്റപത്രം തയാറാക്കുന്നതിനിടെ മൊഴികളില്‍ കണ്ട ചില വൈരുദ്ധ്യങ്ങളെക്കുറിച്ചു ചോദിച്ചറിയാന്‍ കഴിഞ്ഞ ദിവസം ദിലീപീനെയും സഹോദരനെയും പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.അല്‍പ്പ സമയത്തിനകം കോടതി ഹരജി പരിഗണിക്കും.