കൊച്ചിയിലിന്ന് കട്ടക്കലിപ്പ്; മഞ്ഞക്കടലിരമ്പത്തില്‍ കൊല്‍ക്കത്തയെ ഗോള്‍ മഴയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ് ,ഐഎസ്എല്‍ നാലാം സീസണ് ഇന്ന് തുടക്കം

കൊച്ചി: 2016 ഡിസംബര്‍ 18-ന് നിരാശയോടെ നിശബ്ദമായതാണ് കൊച്ചി. അന്ന് സെഡ്രിക് ഹെങ്ബര്‍ട്ടിന്റെ കിക്ക് ഗോള്‍വലയ്ക്ക് മുന്നില്‍ ദേബ്ജിത് മജുംദാറിന്റെ കാലില്‍തട്ടി പുറത്തേക്ക് തെറിച്ചു, കേരള ബ്ളാസ്റ്റേഴ്സിന്റെ കിരീടസ്വപ്നം എ.ടി.കെ എന്ന കൊല്‍ക്കത്തന്‍ പടയുടെ മുന്നില്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നു.അന്ന് നിലച്ച മഞ്ഞക്കടലിരമ്പം ഇന്ന് മുതല്‍ വീണ്ടും ഉയരുകയാണ്.

2017നവംബര്‍ 17 വീണ്ടും ശബ്ദമുഖരിതമാകുന്നു. ഇന്ന് ഐ.എസ്.എല്ലിന്റെ നാലാംപതിപ്പിന്റെ കൊടിയേറ്റ്. ബ്ളാസ്റ്റേഴ്സിന്റെ എതിര്‍കളത്തില്‍ എ.ടി.കെതന്നെ. അന്ന് കൊച്ചിയുടെ നെഞ്ചത്ത് തന്നിട്ട് പോയത് ഇന്ന് പതിന്മടങ്ങ് ഇരട്ടിയായി തിരിച്ചു കൊടുക്കണം. അതെ കടം കിടക്കണ്.

ഇപ്പോള്‍ കളിക്കാരും പരിശീലകരും മാറി. പക്ഷേ, അന്ന് നിരാശയോടെ മടങ്ങിപ്പോയ കാണികള്‍ അതുപോലുണ്ട്. അവര്‍ക്ക് മുന്നില്‍ ബ്ളാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം. കൊല്‍ക്കത്തയുടെ ഉരുക്കുകോട്ട ചിതറിത്തെറിക്കണം. രാത്രി എട്ടിന് കിക്കോഫ്.നാലാംപതിപ്പിന്റെ ആദ്യമത്സരം അപ്രതീക്ഷിതമായാണ് കൊച്ചിയിലെത്തിയത്. കൊല്‍ക്കത്തയുടെ അസൌകര്യം കൊച്ചിക്ക് ഗുണമായി. ബ്ളാസ്റ്റേഴ്സ് -കൊല്‍ക്കത്ത പോരിന് കൊച്ചി കാത്തിരിക്കുന്നു.

മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി അത്ലറ്റികോ മാഡ്രിഡുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കൊല്‍ക്കത്ത ടീമിന്റെ വരവ്. ഇക്കുറി അവര്‍ എടികെയാണ്.

നാലുമാസത്തെ ലീഗില്‍ ജയത്തോടെ തുടങ്ങുക എന്നത് പ്രധാനമാണ്. കഴിഞ്ഞ മൂന്ന് സീസണിലും എടികെ ജയത്തോടെ തുടങ്ങി. ബ്ളാസ്റ്റേഴ്സിന് ആ റെക്കോഡില്ല. കഴിഞ്ഞ സീസണില്‍മാത്രമാണ് മികച്ചതുടക്കം കിട്ടിയത്.

എടികെയുമായുള്ള മുന്‍ മത്സരങ്ങളും നല്ല ഓര്‍മകളല്ല ബ്ളാസ്റ്റേഴ്സിന്. തമ്മില്‍ ഏറ്റുമുട്ടിയ എട്ട് കളിയില്‍ അഞ്ചിലും ബ്ളാസ്റ്റേഴ്സ് തോറ്റു. ഒരു ജയം, രണ്ട് സമനില. പക്ഷേ, ചരിത്രത്തില്‍ വിശ്വസിക്കേണ്ട എന്നാണ് മ്യുലെന്‍സ്റ്റീനിന്റെ വാക്കുകള്‍.

ടീംമാറി, കളിക്കാര്‍ മാറി. അതുകൊണ്ട് പഴയകാല പ്രകടനങ്ങള്‍ പ്രസക്തമല്ല മ്യുലെന്‍സ്റ്റീന്‍ വ്യക്തമാക്കുന്നു.സന്തുലിതമായ സംഘമാണ് ബ്ളാസ്റ്റേഴ്സിന്റേത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റതാരം ദിമിതര്‍ ബെര്‍ബറ്റോവിലാണ് ബ്ളാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍.ഷൂട്ടിങ്ങിലും പാസിങ്ങിലും തന്റെ നല്ലകാലത്ത് ബെര്‍ബറ്റോവിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. വെറുമൊരു ഗോളടിക്കാരനില്‍ ഒതുങ്ങില്ല.

മധ്യനിരയില്‍ചെന്ന് പന്തേറ്റ് വാങ്ങാനും കൃത്യമായി സഹതാരങ്ങള്‍ക്ക് പാസ് നല്‍കാനും ഈ ബള്‍ഗേറിയക്കാരന് കഴിയും. ഓള്‍റൌണ്ട് ആക്രമണമാണ്. ഏറെ സാങ്കേതികത്തികവുമുണ്ട് ഈ മുപ്പത്താറുകാരന്.കൂട്ടിന് ഇയാന്‍ ഹ്യൂം. ആദ്യപതിപ്പില്‍ ബ്ളാസ്റ്റേഴ്സിന്റെ ഊര്‍ജമായ ഈ കനഡക്കാരന്‍ ഈ സീസണില്‍ എടികെയില്‍നിന്ന് തിരിച്ചെത്തി. ഐ ലീഗില്‍ മുംബൈ എഫ്സി താരമായ കരണ്‍ സാഹ്നിയാണ് മറ്റൊരു മുന്നേക്കാരന്‍.

അറാറ്റ ഇസുമി, മലയാളിതാരം സി കെ വിനീത്, ജാക്കിചന്ദ് സിങ്, ഘാനക്കാരന്‍ കറേജ് പെക്കൂസണ്‍ എന്നിവരടങ്ങിയ മധ്യനിര ഭാവനാസമ്പന്നമാണ്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാതതാരം വെസ് ബ്രൌണുമാണുള്ളത്.

നെമാഞ്ച ലാകിച്ച് പെസിച്ച്, മലയാളി താരം റിനോ ആന്റോ, ലാല്‍റുവാതറ, സാമുവല്‍ ഷദപ് എന്നിവരും പ്രതിരോധത്തിലെ ശ്രദ്ധേയകളിക്കാരാണ്.ശാരീരികക്ഷമത പൂര്‍ണമായും വീണ്ടെടുക്കാത്ത ബ്രൌണ്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇംഗ്ളീഷുകാരന്‍ പോള്‍ റെബുകയായിരിക്കും ഗോളി.

മുന്നേറ്റതാരം റോബി കീന്‍ പരിക്കേറ്റ് മടങ്ങിയത് എടികെയ്ക്ക് കനത്തതിരിച്ചടിയാണ്. മുന്നേറ്റത്തില്‍ ഇന്ത്യന്‍താരം റോബിന്‍സിങ് ആയിരിക്കും ഷെറിങ്ഹാമിന്റെ പ്രധാന ആയുധം.യൂജിന്‍സണ്‍ ലിങ്ദോ നയിക്കുന്ന മധ്യനിരയില്‍ തോമസ് തോര്‍പ്, കാള്‍ പോള്‍ ബാകെര്‍ എന്നീ വിദേശതാരങ്ങളുമുണ്ട്. മഞ്ഞയില്‍ കളിച്ചാടു ബ്ലാസ്റ്റേഴ്സ്..നമുക്ക് കപ്പടിക്കണം.