ശബരിമല വാവര്‍ പള്ളിക്കെതിരെ സംഘികള്‍; ഹിന്ദുക്കളുടെ പണം കൊണ്ട് ജിഹാദികള്‍ വളരുന്നു; ശബരിമല വാവര്‍ നടയില്‍ കാണിക്ക ഇടരുതെന്ന് സംഘ പരിവാര്‍ ആഹ്വാനം

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദ സംസ്‌കാരത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളീയര്‍ മതസൗഹാര്‍ദ പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നത്. അതിലൊന്നാണ് ശബരിമല തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കാറുള്ള വാവര്‍ പള്ളി. ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയില്‍ കാണിക്ക സമര്‍പ്പിക്കാറുമുണ്ട്.

എന്നാല്‍ മത സൗഹാര്‍ദത്തിന്റെ പ്രതീകമായ വാവര്‍ പള്ളിക്കെതിരെ ക്യാംപയിനുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഹിന്ദു ഹെല്‍പ് ലൈന്‍ ഫേസ്ബുക്ക് പേജിലാണ് കടുത്ത വര്‍ഗീയപരാമര്‍ശം ഉയര്‍ത്തിവിട്ടിരിക്കുന്നത്.


ശബരിമല ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ഹിന്ദു ഹെല്‍പ് ലൈനിന്റെ ആഹ്വാനം. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുതെന്നും അവിടെ കാണിക്കയിടുന്ന പണം ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പോസ്റ്റിന് വന്‍ വിമര്‍ശനമാണ് നേരിടുന്നത്. ശബരിമലയില്‍ പോകുന്ന ഭക്തര്‍ വാവര്‍പള്ളിയില്‍ പോയി കാണിക്ക അര്‍പ്പിച്ചിട്ടേ പോകാറുള്ളൂവെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും പോസ്റ്റിന് മറുപടി നല്‍കുന്നു. ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചരണം പൊളിഞ്ഞതോടെയാണ് പുതിയ തന്ത്രവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ക്ഷേത്രങ്ങള്‍ക്ക് പണം അങ്ങോട്ടാണ് നല്‍കുന്നതെന്നും ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കണക്കു നിരത്തി വിശദീകരിച്ചിരുന്നു.