എന്റെ ഭാര്യക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം ഇല്ലെങ്കില്‍…? ബിജെപി നേതാവിന്റെ വയറലാകുന്ന വീഡിയോ

ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി നേതാവ് രംഗത്. ബിജെപി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവയാണ് ഇത്തരത്തില്‍ ആരോപണത്തില്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ ഭാര്യക്ക് വോട്ട് ചെയ്യാത്തവര്‍ ഇതുവരെ നേരിടാത്തത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ബിജെപി നേതാവ് രഞ്ജീത്തിന്റെ ഭീഷണി. ഈ മാസം ബരാബങ്കിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രീവാസ്തവയുടെ ഭാര്യ ശഷി ശ്രീവാസ്തവ സ്ഥാനാര്‍ഥിയാണ്. ഈ മാസം ആദ്യം മുതലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശ്രീവാസ്തവ ഇറങ്ങിയത്. അന്നു മുതല്‍ ഭീഷണിച്ചുവയിലായിരുന്നു ശ്രീവാസ്തവയുടെ പ്രസംഗങ്ങള്‍. എന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ കൂടി പ്രചരണത്തിന് ശക്തി പകരാന്‍ എത്തിയതോടെ ഭീഷണിയും വെല്ലുവിളിയും ഒരുമിച്ചായി.

”മര്യാദക്ക് എന്റെ ഭാര്യക്ക് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരും” – കാമറകള്‍ക്ക് മുമ്പില്‍ ശ്രീവാസ്തവ പറഞ്ഞു. സദസില്‍ മറ്റ് പ്രമുഖ 2 മന്ത്രിമാരും ഉണ്ടായിരുന്നു. ഇവരുടെ മുന്നിലായിരുന്നു ശ്രീവാസ്തവയുടെ പരസ്യമായ വെല്ലുവിളി. ദേരാ സിങ് ചൌഹാന്‍, രമാപതി ശാസ്ത്രി എന്നീ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി ശ്രീവാസ്തവ പ്രചാരണം കൊഴുപ്പിച്ചത്.

”സംസ്ഥാനം ഭരിക്കുന്നത് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ ഒരു നേതാവും വരില്ല. റോഡും അഴുക്കുചാലുകളുമെല്ലാം നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങള്‍ തന്നെ വേണം. വിവേചനമില്ലാതെ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണം. എന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പിന്നെ പ്രശ്‌നങ്ങളുണ്ടാകും. സമാജ്‌വാദി പാര്‍ട്ടി നിങ്ങളുടെ സഹായത്തിനുണ്ടാകില്ല. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. നിങ്ങള്‍ നേരത്തെ കണ്ടതുപോലുള്ള ബുദ്ധിമുട്ടുകളായിരിക്കില്ല ഇനി നേരിടേണ്ടി വരിക” – ശ്രീവാസ്തവ പറഞ്ഞു.

”മുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം. ഞാന്‍ അപേക്ഷിക്കുകയല്ല, നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം. മറിച്ചാണെങ്കില്‍ എന്താണുണ്ടാകുകയെന്ന് നിങ്ങള്‍ മനസിലാക്കും” – ശ്രീവാസ്തവ പറഞ്ഞു.

വീഡിയോ: