ശ്രീലങ്ക പൊരുതുന്നു; ലീഡ് നേടാന്‍ 7 റണ്‍സ് മാത്രമകലെ; ഇന്ത്യ പരാജയം മണക്കുന്നു

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റിന് 165 റണ്‍സെടുത്തു. ആറ് വിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കേ ഇന്ത്യയെക്കാള്‍ വെറും 7 റണ്‍സിന് മാത്രം പിന്നിലാണ് അവര്‍. അര്‍ധസെഞ്ചുറികളോടെ മാത്യൂസും തിരിമാനെയുമാണ് ശ്രീലങ്കയുടെ നില ഭദ്രമാക്കിയത്. മികച്ച പ്രകടനം കാഴ്‌വച്ചാല്‍ ഇന്ത്യയെ തോല്‍പ്പിക്കാം എന്ന സ്ഥിതിയിലാണ് ശ്രീലങ്ക ഇപ്പോള്‍.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 172 റണ്‍സ് എടുത്തപ്പോഴേക്കും ഇന്ത്യയുടെ എല്ലാവരും പുറത്തായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ 29ഉം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 22ഉം റണ്‍സെടുത്തു.ലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ നാല് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യയെ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ തീപ്പന്തുകളാണ് കാത്തിരുന്നത്. വിക്കറ്റിലെ പച്ചപ്പും മഴ നല്‍കിയ ഈര്‍പ്പവും ലങ്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ആവോളം ഉപയോഗിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. ഇന്ത്യുയുടെ ആദ്യത്തെ ആറ് പേരില്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടില്ല. കോലിയും രാഹുലും പൂജ്യത്തിനാണ് മടങ്ങിയത്. രഹാനെയും അശ്വിനും നാല് വീതവും ധവാന്‍ എട്ടും റണ്‍സെടുത്തു. ഇന്ത്യയെ പൊരുതാനുള്ള ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലെത്തിച്ചതിന് പൂജാരയ്ക്ക് നന്ദി പറയാം.

ബാറ്റിങ്ങിനെക്കാള്‍ ഇന്ത്യയുടെ ബൗളിംഗ് നിരയാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.ശ്രീലങ്കയുടെ നഷ്ട്ടപ്പെട്ട നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ഫാസ്റ്റ് ബൗളര്‍മാരാണ്.ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍ നേടാനായത്.