ലാവലിന്‍ കേസ്: മലക്കം മറിഞ്ഞ് സിബിഐ

കൊച്ചി: ലാവലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സിബിഐ. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകും. 90 ദിവസത്തിനകം അപ്പീല്‍ നല്‍കില്ല. ഈ മാസം 21ന് സമയപരിധി അവസാനിക്കും. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വൈകിയതിന് മാപ്പപേക്ഷ സമര്‍പ്പിച്ച് അപ്പീല്‍ നല്‍കാനാണ് സിബിഐയുടെ തീരുമാനം. ഡിലെ കണ്ടൊനേഷന്‍ പെറ്റീഷനാകും സുപ്രീംകോടതിയില്‍ നല്‍കുക. ലാവലിന്‍ അപ്പീലിനൊപ്പം മാപ്പപേക്ഷയും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഓഗസ്റ്റ് 23നായിരുന്നു പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഉത്തരവ് വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം.

ജനുവരിയിലോ ഡിസംബര്‍ അവസാനത്തോടെയോ അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍,? കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ അറിയിച്ചിരുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.