നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്നു തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്

തിരുവനന്തപുരം: തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്നു തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. ബിജെപി അംഗങ്ങള്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തു. തന്റെ വഴിതടഞ്ഞ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍വച്ചു കാലില്‍പിടിച്ചു വലിച്ചു. ഈ വീഴ്ചയിലാണു തനിക്ക് ഗുരുതരമായി പരിക്കേറ്റതെന്നും മേയര്‍ പറഞ്ഞു. നഗരസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മേയര്‍ ആക്രമിക്കപ്പെടുന്നത്.

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ കൂട്ടയടിയിലാണ് മേയര്‍ക്കു പരിക്കേറ്റത്. ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ വി.കെ. പ്രശാന്തിനെ മര്‍ദിച്ചു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ മേയറെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കൗണ്‍സില്‍യോഗം പിരിച്ചു വിട്ടതിനുശേഷം ചേംബറിലേക്കു മടങ്ങിയ മേയറെ ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ ഗിരികുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞതിനെത്തുടര്‍ന്നാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

പിടിവലിയില്‍ മേയറുടെ ഷര്‍ട്ട് വലിച്ചു കീറി. മുന്നോട്ടു നടക്കുന്നതിനിടയില്‍ കാലിടറി വീണ മേയര്‍ എഴുന്നേറ്റെങ്കിലും ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും കാലില്‍ വലിച്ചു നിലത്തിട്ടു. പടിക്കെട്ടില്‍ വീണ മേയറെ സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവും മറ്റുള്ളവരും ചേര്‍ന്നാണു പിടിച്ചെഴുന്നേല്‍പ്പിച്ചത്. മേയറെ പടിക്കെട്ടില്‍നിന്നു ബിജെപി കൗണ്‍സിലര്‍മാര്‍ വലിച്ചു താഴെയിട്ടതിനെത്തുടര്‍ന്ന് ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മേയറുടെ കാലിനും നെറ്റിക്കും പരിക്കേറ്റു.