ജോലി ദുരിതമയമായി; എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലി ദുരിതമയമാകുകയും, ശമ്പളം കിട്ടാതെയാകുകയും ചെയ്തപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശിനിയായ മഞ്ജു സുശീലനാണ് ജോലിസാഹചര്യങ്ങളുടെ കുഴപ്പങ്ങള്‍ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.

ആറു മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു സുശീലന്‍, സൗദിയിലെ ഹഫര്‍ അല്‍ ബത്തയ്‌നില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാപകല്‍ നീണ്ട അമിതജോലിഭാരം, വിശ്രമമില്ലായ്മ, മതിയായ ആഹാരം പോലും കിട്ടാത്ത അവസ്ഥ, അകാരണമായ ശകാരങ്ങള്‍ എന്നിങ്ങനെ ഏറെ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് സഹിയ്‌ക്കേണ്ടി വന്നു. മാത്രമല്ല ശബളം കൃത്യമായി കിട്ടിയതുമില്ല. ആറുമാസം ജോലി ചെയ്തിട്ടും, മൂന്നു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. ഏറെ സഹികെട്ടപ്പോള്‍, ആരോടുംപറയാതെ വീട് വിട്ടിറങ്ങിയ മഞ്ജു, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

ഇതിനിടെ മഞ്ജു സുശീലന്റെ വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിരുന്നു. അതനുസരിച്ചു എംബസ്സി ഉദ്യോഗസ്ഥനായ ജോര്‍ജ്ജ്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ച് ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം നല്‍കി. മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തി മഞ്ജു സുശീലനെ കണ്ടു സംസാരിച്ചു വിശദവിവരങ്ങള്‍ മനസ്സിലാക്കി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ മഞ്ജു സുശീലന്റെ സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ്ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍, മഞ്ജു സുശീലന് വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും, ജോര്‍ജ്ജ് സാറിന്റെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു. നാട്ടില്‍ നിന്നും മഞ്ജു സുശീലനെ കൊണ്ടുവന്ന ഏജന്‍സിയുടെ ബ്രാഞ്ച് ജുബൈലില്‍ ഉണ്ടായിരുന്നു. അവരെ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അവര്‍ മഞ്ജു സുശീലന് നാട്ടിലേയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മഞ്ജു സുശീലന്‍ നാട്ടിലേയ്ക്ക് മടങ്ങി.