നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോണ്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യെ ച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോണ്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ നിന്നാണ് ദീപിക വിട്ടുനില്‍ക്കുന്നത്. വ്യത്യസ്ത മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചു സംസാരിക്കാന്‍ വിവിധ രാജ്യങ്ങളിലെ പ്രശസ്തരാണ് എത്തുക. യുഎസിനെ പ്രതിനിധീകരിച്ചാണ് ഇവാന്‍ക ട്രംപ് പങ്കെടുക്കുന്നത്.

നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദിലാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ചലച്ചിത്ര മേഖലയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലാണു ദീപികയെ നിശ്ചയിച്ചിരുന്നത്. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉള്‍പ്പെടെ സിനിമയ്‌ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്‌കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന.

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എം.എസ്.ധോണിക്കു പകരം സാനിയ മിര്‍സയും ഗോപീചന്ദും സംസാരിക്കും. ദീപികയുടെ പിന്‍വാങ്ങലിനെ തുടര്‍ന്നു വിഷയം ആരു കൈകാര്യം ചെയ്യുമെന്നതില്‍ വ്യക്തതയില്ല. രജപുത്ര പൈതൃകത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ‘പത്മാവതി’ ചിത്രത്തിനുമേലുയരുന്ന ആരോപണം.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. അതിനിടെ, റിലീസ് മാറ്റിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിനു റിലീസ് ചെയ്യാനായിരുന്നു മുന്‍ തീരുമാനം. അടുത്ത തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.