‘പദ്മാവതി’ക്കു വിലക്കേര്‍പ്പെടുത്തി ഗുജറാത്തും; ചിത്രത്തിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്

അഹമ്മദാബാദ്: റിലീസിന് മുന്‍പേ വിവാദങ്ങലിടം പിടിച്ച ബോളിവുഡ് ചിത്രം പദ്മാവതിയുടെ പ്രദര്‍ശനത്തിന് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധനമേര്‍പ്പെടുത്തി.വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

പദ്മാവതി സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വിജയ് രൂപാണി ഇന്ന് നടത്തിയത്. ചരിത്രത്തെ വികൃതമാക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണം. പക്ഷേ, സംസ്‌കാരത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ സഹിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആ സിനിമ കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ രൂപാണി അക്കാര്യം മനസ്സിലാക്കിയാണ് ചിത്രം പ്രദര്ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയതെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രമസമാധാനപാലനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശാണ് പദ്മാവതിയുടെ പ്രദര്‍ശനം ആദ്യം നിരോധിച്ചത്. സെന്‍സര്‍ബോര്‍ഡ് എന്തു തീരുമാനമെടുക്കുന്നു എന്നറിഞ്ഞിട്ട് ചിത്രം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി എം.എല്‍.ഖട്ടാറും പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടയായ രംഗങ്ങളില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തിയാലേ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കൂ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും നിലപാടെടുത്തിരുന്നു.