ആവശ്യക്കാര്‍കൂടി ; ചൈനയില്‍ ഐ ഫോണ്‍ നിര്‍മാണത്തിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നു

ലോകമെമ്പാടും ഐ ഫോണിന് ഡിമാന്‍ഡ് കൂടുകയും നിര്‍മാണം വൈകുകയും ചെയ്ത സാഹചര്യത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഐ ഫോണ്‍ നിര്‍മാണത്തിന് വേണ്ടി നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നു. ഫിനാഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. 17 മുതല്‍ 19വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് പ്രായോഗിക പരിശീലനമെന്ന മറവില്‍ ആപ്പിളിന്റെ വിതരണക്കാരായ ഫോക്‌സോണ്‍ പണിയെടുപ്പിക്കുന്നത്. ബിരുദം ലഭിക്കാന്‍ മൂന്നുമാസത്തെ ഐഫോണ്‍ അസംബ്ലിങില്‍ പ്രായോഗിക പരിശീലനം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയതായി ചൈനയിലെ ജെങ്‌ജോങിലെ അസംബ്ലിങ് യൂണിറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ജെങ്‌ജോങിലെ അര്‍ബന്‍ റെയില്‍ ട്രാന്‍സിസ്റ്റ് സ്‌കൂളിലെ മൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ പണിയെടുക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക ഭരണകൂടവും സ്‌കൂളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ താല്‍ക്കാലികമായി നിയമിച്ചത് എന്നാണ് ഫോക്‌സ്‌കോണ്‍ നല്‍കുന്ന ന്യായീകരണം.