മധ്യയൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്: ബുഡാപെസ്റ്റിലെ ഭവനരഹിതര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി ആദ്യഘട്ട പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും

ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ പ്രമുഖ നഗരവും ഹംഗറിയുടെ തലസ്ഥാനവുമായ ബുഡാപെസ്റ്റ് കേന്ദ്രികരിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിവസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളും ആഗോള പ്രവാസ മലയാളി സമൂഹവുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഹംഗറി മലയാളികള്‍ കൈകോര്‍ത്തതുമാണ് ഡബ്ള്യു.എം.എഫ് ഹംഗറി യാഥാര്‍ഥ്യമാക്കിയത്.

കൃഷ്ണകുമാര്‍ കെ.പി (പ്രസിഡന്റ്), ഡെന്നി ചാക്കോ (സെക്രട്ടറി), ജയദേവന്‍ നായര്‍ (ട്രെഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു. വൈസ് പ്രെസിഡന്റായി ഷിന്റോ പി. കോശിയും, ജോയിന്റ് സെക്രട്ടറിയായി സുരേഷ് കുമാറും അനുമോദ് ആന്‍ഡ്‌ഴ്സണ്‍ ചാരിറ്റി കോഓര്‍ഡിനേറ്ററായും നിയമിതരായി. ഡബ്ള്യു.എം.എഫ് ഹംഗറിയുടെ അംഗങ്ങളെ ഒരുമിച്ചു കൂട്ടുകയും ഭാരവാഹികളെ തിരഞ്ഞെടുക്കാനും സംഘടനയുടെ ഹംഗറി കോഓര്‍ഡിനേറ്ററായ കുഞ്ഞുമോന്‍ ജോര്‍ജ് നേതൃത്വം നല്‍കി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: അനു തോമസ്, അഖില്‍ അലക്‌സ് താഴോണ്‍, റദാദ് സെഫിയുള്ള, രഞ്ജിത് ഭാസ്‌കര്‍.

വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടനയുടെ ശ്കതമായ സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് ഹംഗറിയില്‍ നിലകൊള്ളുമെന്നും സംഘടനയുടെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ബുഡാപെസ്റ്റില്‍ ഭവനരഹിതരായി കഴിയുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് വിരുന്നു ഒരുക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.

ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 70-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്.

കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ നേതൃത്വത്തെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക് ചെയ്യുക