ദിലീപിനെതിരായ കുറ്റപത്രം കണ്ട് ‘ഞെട്ടി’; പോലീസിനെതീരെ പരിഹാസ വര്‍ഷവുമായി അഡ്വ.സംഗീത ലക്ഷ്മണ്‍

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പരസ്യ ചര്‍ച്ചയായതിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും അഡ്വ.സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോലീസിന്റെ കുറ്റപത്രം കണ്ടാല്‍ ഞെട്ടണമല്ലോ, താന്‍ ഞെട്ടി.

ജഡ്ജി കണ്ട് അംഗീകരിച്ചാല്‍ മാത്രമേ കുറ്റപത്രം ആവുകയുള്ളൂ. ന്യായാധിപന്‍ കാണുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തിനല്‍കിയ പോലീസ് നടപടിയെയും സംഗീത വിമര്‍ശിക്കുന്നു. ജഡ്ജിയുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് അന്വേഷണ സംഘം ചെയ്തതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വനിതാ സംഘടകളെയും പോലീസിനെയും സംഗീത പരോക്ഷമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്.രഹസ്യ വിചാരണ നടക്കേണ്ട കേസില്‍ കുറ്റപത്രം പരസ്യപ്പെടുത്തി പരസ്യചര്‍ച്ച ചെയ്യപ്പെടുന്നതില്‍ യുവ നടിക്ക് പരാതിയില്ലേ എവിടെ ഡബ്ല്യൂസിസി? എവിടെ വനിതാ സംഘടനകള്‍, സ്ത്രീ സുരക്ഷാ അപ്പസ്‌തോല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനെ? എല്ലാവരും കൂടി ഒന്നിറങ്ങിവന്ന് ഇതൊന്ന് പൊലിപ്പിക്ക്.. വരൂ. കടന്നു വരു. പ്ലീസ്’ അവരുടെ പരിഹാസ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നടന്‍ ദിലീപിനെതിരെ കുറ്റപത്രം.
കേള്‍ക്കുമ്‌ബോള്‍ ഞെട്ടണം. ശരി.. ഒക്കെ, ഞെട്ടി എന്നാല്‍ സംശയം ഇതാണ്;
കുറ്റപത്രം കുറ്റപത്രം എന്ന് ചുമ്മതങ്ങ് പറഞ്ഞാ മതിയോ? ഈ പറയുന്ന കുറ്റപത്രം പോലീസ് കൊണ്ടു പോയി സമര്‍പ്പിക്കുന്ന കോടതി ഇത് കാണുക, അംഗീകരിക്കുക, ഫയലില്‍ സ്വീകരിക്കുക എന്നൊക്കെ പറയുന്ന ചില ചടങ്ങുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ള ക്രിമിനല്‍ നടപടി ക്രമം അഥവാ Cr.P.C അനുശാസിക്കുന്നത്. അത്രയും കഴിയുമ്‌ബോള്‍ മാത്രമാണ് അത് കുറ്റപത്രമാവുക. എന്റെ അറിവ് അതാണ്. എന്റെ അനുഭവജ്ഞാനവും അത് തന്നെയാണ്.
ഇതിനൊക്കെ മുന്‍പ്, ഈ കുറ്റപത്രം പരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപന്‍ ഇത് കാണുന്നതിന് മുന്‍പ് പോലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത്? ഈ കേസ് വിചാരണയ്ക്ക് എത്തുന്ന
കോടതിയിലെ ജഡ്ജിയുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തിയാണ് പോലീസ് അന്വേഷണ സംഘം ഈ ചെയ്തത്.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നത്. ആ വഴിക്ക് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നൊരു വാര്‍ത്ത വായിച്ചതായി ഓര്‍മ്മിക്കുന്നു. അങ്ങനെയെങ്കില്‍, താന്‍ റേപ്പ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതി പരിഗണിച്ച്, വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കേണ്ടുന്ന കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നതില്‍, പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നമ്മുടെ യുവനടിക്ക് പരാതിയൊന്നുമില്ലേ?
ചര്‍ച്ച ചെയ്യപ്പെടണം. ഇതും ചര്‍ച്ച ചെയ്യപ്പെടണം. എവിടെ WCC? എവിടെ നമ്മുടെ വനിതാ സംഘടനകള്‍? സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര് എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനാ? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്. വരൂ, കടന്നു വരൂ.. പ്ലീസ്.
# രാവിലെ കുറച്ചധികം തിരക്കുണ്ട്. ഓഫീസില്‍ പോകണം. വിവിധ കോടതികളില്‍ കേസുകളുണ്ട്. അവിടെയെല്ലാം ഓടി എത്തണം. അതൊക്കെ ഒതുക്കിയെടുത്ത ശേഷം പിന്നെയും ഓഫിസില്‍. ഇന്നത്തെ ജോലികള്‍
തീര്‍ത്തശേഷം വന്നു ഞാന്‍ ബാക്കി കൂടി എഴുതാന്‍ ശ്രമിക്കാം. പറയാനുണ്ട്. ഇനിയും പറയാനുണ്ട്.
# എന്റെ ഫ്‌ലാറ്റിനകത്ത് മുഴുവന്‍ മുഴങ്ങുന്നു, എന്റെ ഇഷ്ട ഗായകന്റെ സ്വരത്തില്‍…
‘ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ…
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്ബരങ്ങള്‍ നീ ചൊല്ലിയോ
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും….
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൗര്‍ണ്ണമീ, ഉറങ്ങിയോ….’
ശുഭദിനം. സുഹൃത്തുക്കളെ ശുഭദിനം.