പാരിസ് നഗരത്തെ അതിശയിപ്പിച്ച് മലയാളികളുടെ ഫ്ളാഷ് മോബ്: 2024 ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണ

പാരീസ്: 2024 ഒളിംപിക്‌സിന് വേദിയാകുന്ന പാരീസിന് മലയാളികളുടെയും, ഇന്ത്യന്‍ സമൂഹത്തിന്റെയും പിന്തുണ അറിയിച്ച് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും, പാരിസില്‍ സ്ഥിരതാമസമാക്കിയ ഭാരതീയരും, തദ്ദേശീയരും കാണികളായി എത്തിയ പരിപാടി മലയാളികളുടെ കൂട്ടായ്മയായ ലെഗ്ളാന്‍സ് ക്രീയേഷന്‍സിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

2024 ഒളിംപിക്സിന് വേദിയാകുന്ന പാരിസില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിക്കുക, ഒളിംപിക്സില്‍ മത്സരങ്ങളില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിക്കപ്പെട്ടത്.

2024 ഒളിംപിക്സില്‍ ക്രിക്കറ്റ് കൂടി മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും, ഫ്രഞ്ച് ക്രിക്കറ്റ് അസോസിയേഷനും തുടരുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ഫ്ളാഷ് മോബുമായി മലയാളികള്‍ രംഗത്തെത്തിയതെന്നതും ഏറെ ശ്രദ്ധേയമായി. 1900-ലെ ഒളിംപിക്‌സിന് പാരീസ് വേദിയായപ്പോള്‍ ക്രിക്കറ്റും ഒരു മത്സരയിനമായിരുന്നു. അന്ന് ഫൈനലില്‍ ഏറ്റുമുട്ടിയത് ഫ്രാന്‍സും, ഗ്രേറ്റ് ബ്രിട്ടനുമായിരുന്നു.

വിശ്വപ്രസിദ്ധമായ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പിലുള്ള ട്രോക്കഡെറോ, ഒപേറ എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ബോളിവുഡ് ഗാനങ്ങളും ആഗോള മലയാളികള്‍ക്കിടയില്‍ വന്‍തരംഗം സൃഷ്ടിച്ച ജിമ്മിക്കി കമ്മല്‍ ഗാനവും ഫ്ളാഷ് മോബിന്റെ ഭാഗമായി. പരിപാടിയുടെ സമാപനത്തില്‍ ക്രിക്കറ്റ് ഡെമോയും സംഘം അവതരിപ്പിച്ചു. ഇത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ്മ ഈഫല്‍ ഗോപുരത്തിന്റെ മുമ്പില്‍ ഫ്ളാഷ് മോബ് സംഘടിപ്പിക്കുന്നത്.

പാരിസില്‍ നിവസിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെയും നര്‍ത്തകരുടെയും കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ലെഗ്ളാന്‍സ് ക്രീയേഷന്‍സ് രൂപം കൊണ്ടത്. ഭാവിയിലും ജനപ്രിയ പരിപാടികളും സന്ദേശങ്ങളുമായി പാരിസിലെ ജനതയ്ക്ക് മുമ്പില്‍ ലെഗ്ളാന്‍സ് വീണ്ടും അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ടീം: ദീപ, നിഷ, സേതുലക്ഷ്മി, ലിയ, ജോണ്‍, ശില്‍പ, സുമീറ, ഗായത്രി, എബ്രഹാം, പ്രിതിക, വിനു, ഭാഗ്യ, ആഷ്ന, അര്‍ണാബ്, ടൈസണ്‍, വൈശാഖ്, നന്ദന, സുരേഖ.
അണിയറപ്രവര്‍ത്തകര്‍: വികാസ്, റാംകുമാര്‍, ജയകൃഷ്ണന്‍, പ്രൊമിത, നമിത, രാജേഷ്, സംഗീത, സംഗീത്, ശാലിനി, കീര്‍ത്തി, ക്രിസ്റ്റോ, ആന്‍ജെലിക്, സുഷീര്‍, കിരണ്‍, ഹെന്റി.
Watch Video below

ചിത്രങ്ങള്‍: F2 Photography ( http://design.fsquares.com Instagram: @fsquarefotos )
വീഡിയോ: F2, ശിവന്‍, ജിത്തു