സിനിമയുടെ മതവും രാഷ്ട്രീയവും…..

ലോക ചരിത്രത്തില്‍ തന്നെ കലകള്‍ക്ക് ഉള്ള പ്രാധാന്യം വളരെ വലുതാണ്‌. പല സംസ്ക്കാരങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് പ്രാചീന കലകള്‍. ശാസ്ത്രം പോലും നിലവില്‍ ഇല്ലായിരുന്ന കാലത്ത് വരെ പല കലാരൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. പ്രാചീന ഭാരത സംസ്ക്കാരത്തിന്‍റെ മുഖമുദ്ര തന്നെ കലകള്‍ ആയിരുന്നു എന്ന് പറയാം. സിന്ധുനദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ച സമയം കണ്ടെടുത്ത വിഗ്രഹങ്ങളില്‍ പലതും നൃത്തവും സംഗീതവും അക്കാലത്തെ നിലനിന്നിരുന്നു എന്നതിന്‍റെ തെളിവായിരുന്നു. അതുപോലെ ക്ഷേത്രങ്ങളിലും അതുപോലുള്ള പുരാതന ചുമര്‍ ചിത്രങ്ങളിലും എല്ലാം ഇവ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. രാജാക്കന്മാരുടെ സദസുകളില്‍ വളരെയധികം ബഹുമാനം ലഭിച്ചിരുന്നു കലാകാരന്‍മാര്‍ക്ക്. എന്തിനേറെ ഭാരതീയ ദൈവീക സങ്കല്‍പ്പങ്ങളിലെ ദൈവങ്ങള്‍ പോലും കലാകാരന്‍മാര്‍ ആയിരുന്നു എന്ന് നിസംശയം പറയാം. മറ്റു പല രാജ്യങ്ങള്‍ക്കും സ്വപ്നം പോലും കാണുവാന്‍ കഴിയാത്ത തരത്തിലുള്ള കലാ പാരമ്പര്യമാണ് ഭാരതീയര്‍ക്ക് ഉള്ളത്. സംസ്ഥാനങ്ങളുടെ തലത്തില്‍ തിരിച്ചാല്‍ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒരു നൃത്തസംഗീത ശാഖ ഉള്ളതായി കാണാം. ഇത്രമാത്രം വിഭിന്നമായ കലാപാരമ്പര്യം ലോകത്ത് ഏത് രാജ്യത്തിനു കാണും അല്ലെങ്കില്‍ ഏത് പ്രാചീന സംസ്ക്കാരത്തിനു കഴിയും. മഹാഭാരതവും , രാമായണവും പോലുള്ള സൃഷ്ട്ടികള്‍ക്ക് പ്രാചീന ഭാരതം സാക്ഷ്യം വഹിച്ചു. പുരാണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അവയൊക്കെ അക്കാലത്ത് ഉള്ള സാധാരണക്കാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള മനോഹര സൃഷ്ട്ടികള്‍ ആയിരുന്നു.സമാനമയ കാലത്ത് ലോകത്ത് ഒരിടത്തും അത്തരത്തിലുള്ള ഒരു സൃഷ്ട്ടിയെ പറ്റി കേള്‍ക്കുവാന്‍ പോലും സാധിച്ചിരുന്നില്ല.

രാജ്യം ആയിരക്കണക്കിന് ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്ന സമയത്താണ് മുഗളന്മാരുടെ ആക്രമണം ഉണ്ടാകുന്നത്. അവരുടെ വരവോടെ ആയിരക്കണക്കിന് നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. അനേകം രാജകുടുംബങ്ങള്‍ അടിയോടെ പിഴുതെറിയപ്പെട്ടു. നിലനിന്നു വന്നിരുന്ന സംസ്ക്കാരങ്ങളിലും നാശങ്ങള്‍ ഉണ്ടാകുവാന്‍ ഇടയായി. എന്നിരുന്നാല്‍ തന്നെയും മുഗള്‍ ഭരണകാലം കലാപരമായി രാജ്യത്തിനു ഉന്നമനം ലഭിച്ച കാലങ്ങളില്‍ ഒന്നായിരുന്നു. കലശാഖ ഒന്ന് കൂടി വിപുലപ്പെടാന്‍ അത് കാരണമായി. അതിനുശേഷമാണ് വിദേശികള്‍ രാജ്യത്ത് എത്തുന്നത്. പലരും അവരുടെ സംസ്ക്കാരവും കലകളും കൂടിയാണ് ഇന്ത്യയിലേയ്ക്ക് കൊണ്ട് വന്നത് എന്ന് പറയാം. എല്ലാം രണ്ടു കയ്യും നീട്ടിയാണ് നമ്മള്‍ സ്വീകരിച്ചത്. കാലം മാറിയതോടെ കലാ രംഗവും മാറി. നാടന്‍ കലാരൂപങ്ങള്‍ പലതും മണ്‍മറഞ്ഞപ്പോള്‍ നാടകം , സിനിമ എന്നിങ്ങനെയായി നമ്മുടെ കലാരുചി. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കുവാനുള്ള ഒരു തുറന്ന മാധ്യമമായിരുന്നു നാടകങ്ങള്‍. കേരളത്തിന്റെ സഹിതം തെരുവോരങ്ങളില്‍ അധികാരികള്‍ക്ക് എതിരെ നിവര്‍ന്നു നിന്ന് തങ്ങള്‍ക്ക് പറയുവാനുള്ളത് വിളിച്ചു പറഞ്ഞ തെരുവ് നാടകങ്ങള്‍ ഒരു കാലത്ത് സര്‍വ്വസാധാരണമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും അവര്‍ക്കെതിരെ ജനരോഷം ഇളക്കിവിടുവാന്‍ നാടകങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. അന്ന് അവര്‍ അതൊക്കെ തോക്ക് കൊണ്ടാണ് നേരിട്ടത്. ആയിരക്കണക്കിന് കലാകാരന്‍മാര്‍ തെരുവോരങ്ങളില്‍ മരിച്ചു വീഴുകയും ചെയ്തു. എന്നിരുന്നാലും ആരും തോറ്റ് പിന്മാറിയതായി ചരിത്രം പറയുന്നില്ല. അവര്‍ തങ്ങള്‍ക്ക് പറയുവാനുള്ളത് വിളിച്ചു പറയുക തന്നെ ചെയ്തു. കാലം മാറി തെരുവ് നാടകങ്ങള്‍ പ്രഫഷണല്‍ നാടകങ്ങളായി പരിണമിച്ചു. അതുപോലെ സിനിമ എന്ന മാധ്യമവും കാലത്തിന്റെ പുരോഗമനം അനുസരിച്ചു വളര്‍ന്നു വന്നു. ഒരവസരത്തില്‍ നാടകം എന്ന കലാരൂപത്തിനെ തന്നെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന തരത്തില്‍ സിനിമ വളര്‍ന്നു. ലോകത്തിനെ തന്നെ നിയന്ത്രിക്കുന്ന ഒരു കലാരൂപമായി സിനിമകള്‍ മാറി.

ഇപ്പോള്‍ സിനിമയാണ് രാജാവ്. സിനിമാക്കാര്‍ ആണ് രാജാക്കന്മാര്‍.സിനിമ സ്വപ്നമായി കൊണ്ട് നടക്കുന്ന ലക്ഷക്കണക്കിന്‌ യുവാക്കള്‍ ആണ് നമ്മുടെ നാട്ടില്‍ മാത്രം ഉള്ളത്. എന്നാല്‍ സ്വതന്ത്രയാണോ നമ്മുടെ സിനിമാ രംഗം. ആവിഷ്ക്കാര സ്വാതന്ത്ര്യം നമ്മുടെ നാടിന് നഷ്ടമായി കഴിഞ്ഞില്ലേ. ജനങ്ങള്‍ എന്ത് കാണണം എന്ന് അടച്ചിട്ട മുറിയില്‍ സിനിമയെ പറ്റി ഒന്നും അറിയാത്ത ചില മുതിര്‍ന്നവര്‍ ആണ് ഇക്കാലത്ത് തീരുമാനിക്കുന്നത്. കലാകാരന്‍റെ അല്ല മറ്റുള്ളവരുടെ മുന്‍പില്‍ കുമ്പിട്ടു നില്‍ക്കുന്നവന്റെ മേഖലയായി മാറുകയാണോ അല്ലെങ്കില്‍ മാറ്റുകയാണോ ഇവര്‍ സിനിമയെ. പണ്ടൊക്കെ എല്ലാ കൊട്ടാരത്തിലും വിദൂഷകന്‍ എന്നൊരു വിഭാഗം ഉണ്ടായിരുന്നു. രാജാവിനെ രസിപ്പിക്കുക എന്നതാണ് അവരുടെ ജോലി. രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറഞ്ഞാല്‍ അപ്പോള്‍ അവരുടെ ജീവന്‍ നഷ്ടമാകും. അതുപോലെ ഒരു വിദൂഷകന്‍റെ വേഷത്തിലാണ് നമ്മുടെ സിനിമാ മേഖല. രാജ്യം ഭരിക്കുന്നവരെ സഖിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ് അവരുടെ ജോലി. ആരെങ്കിലും എതിര്‍ത്താല്‍ എന്താകും അവസ്ഥ എന്ന് മാധ്യമങ്ങള്‍ തുറന്നു നോക്കിയാല്‍ നമുക്ക് മനസിലാകും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി മാത്രമല്ല മതങ്ങള്‍,രാഷ്ട്രീയപാര്‍ട്ടികള്‍, സംഘാടനകള്‍ , ബഹുരാഷ്ട്ര കമ്പനികള്‍ ഇവരൊക്കെയാണ് ഇപ്പോള്‍ എങ്ങനെയുള്ള സിനിമകള്‍ ഇറങ്ങണം എന്ന് തീരുമാനിക്കുന്നത്. ഹോളിവുഡ് സിനിമയായ ഡാവിഞ്ചി കോഡും(സെന്‍സര്‍ ചെയ്തു മുഴുവന്‍ വെട്ടിയ ശേഷം റിലീസ് ചെയ്തു) , ഇറാനിയന്‍ സംവിധായകനായ മജീദിയുടെ “മുഹമ്മദ്” എന്ന ചിത്രവും രാജ്യത്ത് റിലീസ് ആകത്തതിനു കാരണം ചില മതമേലാളന്മാരും അവരെ താങ്ങി നടക്കുന്ന രാഷ്ട്രീയ കോമരങ്ങളും ആണ്.

ഒരു കലാകാരന്‍റെ സ്വപ്നമാണ് സിനിമ അതിനു വേണ്ടി അവന്‍ ഒഴുക്കുന്ന വിയര്‍പ്പിനെ പച്ചവെള്ളത്തിന്റെ വിലപോലും കല്‍പ്പിക്കാതെ തങ്ങള്‍ക്കും , ഭരിക്കുന്ന പാര്‍ട്ടിക്കും ഇഷ്ടമായില്ല എന്ന പേരില്‍ തടയുകയും അല്ലെങ്കില്‍ അവരുടെ കയ്യിലെ പാവയായ സെന്‍സര്‍ ബോര്‍ഡ് എന്ന എന്തിനോ തിളയ്ക്കുന്ന സംബാറിനെ കൊണ്ട് വെട്ടിമുറിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഉള്ളത് വരെ ആവിഷ്ക്കാരസ്വാതന്ത്ര്യം എന്ന വാക്ക് നമ്മുടെ രാജ്യത്ത് വെറും വാക്കായി തന്നെ തുടരും. നഗ്നത, വെള്ളമടി, പുകയില, വയലന്‍സ് ഇതൊന്നും പാടില്ല നമ്മുടെ സിനിമകളില്‍.കണ്ടാല്‍ അപ്പോള്‍ തന്നെ കത്രിക വെക്കും. ഒരു പത്മാവതിയുടെ പേരിലല്ല ഇങ്ങനെ പറയുന്നത്.കുറച്ചു നാള്‍ മുന്‍പ് വന്ന മെര്‍സല്‍ അതിനുവേണ്ടിയും അല്ല.സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിട്ട് പേര് മാറ്റേണ്ടി വന്ന സെക്സി ദുര്‍ഗ്ഗക്ക് വേണ്ടിയും അല്ല വരാനിരിക്കുന്ന ആയിരക്കണക്കിന് സിനിമകള്‍ക്ക് വേണ്ടിയാണ്. ഇക്കാലത്ത് ആയിരുന്നേല്‍ നിര്‍മ്മാല്യവും , അഗ്രഹാരത്തിലെ കഴുതയും , കാഞ്ചന സീത എന്നിങ്ങനെയുള്ള സിനിമയൊക്കെ ചിത്രീകരിക്കുന്നതിന് മുന്‍പ് സംവിധായകര്‍ ആയിരം വട്ടം ആലോചിക്കേണ്ടി വരുമായിരുന്നു. നിലവില്‍ നൂറുകണക്കിന് സംഘടനകള്‍ ഉള്ള ഒരു മേഖലയാണ് സിനിമ ഇങ്ങനെയുള്ള വിഷയങ്ങളില്‍ അവര്‍ പോലും ചെറുവിരല്‍ അനക്കുന്നില്ല എന്നതാണ് ഏറ്റവുംവലിയ തമാശ. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ സംഘടിപ്പിച്ചശേഷം അവയില്‍ വരുന്ന സിനിമകളാണ് “ബഹുത്ത് അച്ഛാ” എന്ന് ഓരിയിട്ടിട്ടു കാര്യമില്ല. ചാടികളിക്കുന്ന കുഞ്ഞിരാമന്റെ കഴുത്തില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒന്ന് അഴിച്ചു വിട്.അവനൊന്നു മരത്തില്‍ കയറി തന്‍റെ കഴിവ് തെളിയിക്കട്ടെ. അല്ലെങ്കില്‍ അവന്‍ തറയില്‍ കിടന്നു തന്നെ കുത്തിമറിഞ്ഞു തീര്‍ക്കും തന്‍റെ ജീവിതം…..