നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തി; സിദ്ദിഖ് താക്കീത് ചെയ്തു-കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി:യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ആക്രമണത്തിനിരയായ നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.

തന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം ഈ നടിയാണ് എന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. നടന്‍ സിദ്ദിഖും ഇതിന് സാക്ഷിയാണ്. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി നടിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവവുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ദിലീപിന് സുനി അയച്ച കത്തു കൂടി പുറത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതായും നടിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

അന്വേഷണം മുന്നോട്ടു നീങ്ങവേ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തില്‍ പറയുന്നു. നടിയെ തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിയോട് ആവശ്യപ്പെട്ടത്. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ഉടന്‍തന്നെ മുന്നോട്ടുവയ്ക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.