നാഗ്പൂര്‍ ടെസ്റ്റ്:ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടം; ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്

നാഗ്പുര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ്.ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറിന് 610 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയുടെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണര്‍ മുരളി വിജയ് (128), ചേതേശ്വര്‍ പൂജാര (143), രോഹിത് ശര്‍മ (പുറത്താകാതെ 102) എന്നിവരുടെയും മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സെടുത്ത ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 205 റണ്‍സിനു പുറത്തായിരുന്നു.

ഇന്ത്യയുയർത്തിയത്തിയ കൂറ്റന്‍ ലീഡ് മറികടക്കാന്‍ ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് കണ്ടത്.ഓപ്പണര്‍ സമര വിക്രമ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ പുറത്തായി.പിന്നാലെ വന്നവര്‍ പിടിച്ചു നില്‍ക്കാന്‍ കൂട്ടാക്കാത്തതോടെ ലങ്കന്‍ വിക്കറ്റുകള്‍ ഓരോന്നായി ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഇഷാന്ത് ശര്‍മ്മ ജഡേജ എന്നിവര്‍ രണ്ടും അശ്വിന്‍ മൂന്നും വിക്കറ്റു വീഴ്ത്തി.ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചണ്ഡിമലാണ് അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പ് നടത്തിയത്. ചണ്ഡിമല്‍ 53 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. സുരാംഗന ലക്മലാണ് ക്യാപ്റ്റന് പിന്തുണയുമായി ക്രീസിലുള്ളത്.