തുടര്‍പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേക്ക് പോകും;നടപടിക്രമങ്ങള്‍ വേഗത്തിലാക്കി

ന്യൂഡല്‍ഹി:സുപ്രീംകോടതി വിധി പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് പുറപ്പെടും. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ പഠനം തുടരാനാണ് ഹാദിയ സേലത്തെത്തുന്നത്. ഹാദിയയെ സേലത്തെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.

ഉച്ചയ്ക്ക് 1.20നുള്ള വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്ന് ഹാദിയ കോയമ്പത്തൂരിലെത്തുക. ഹാദിയയയെ സേലത്തെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ വേഗത്തിലാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. വിമാന ടിക്കറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ബുക്ക് ചെയ്തു. ഹാദിയക്കൊപ്പം അച്ഛനും അമ്മയും സേലത്തേക്ക് വരില്ലെന്നാണറിയാന്‍ കഴിയുന്നത്.

ഔദ്യോഗിക യൂണിഫോമില്‍ പോലീസ് ഹാദിയയെ അനുഗമിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹാദിയയുടെ ആവശ്യപ്രകാരമായിരുന്നു ഈ നിര്‍ദേശം. അതിനാല്‍ തന്നെ യൂണിഫോമിലുള്ള പോലീസുകാര്‍ സേലത്തേക്ക് പോകുമ്പോള്‍ ഹാദിയയ്‌ക്കൊപ്പം ഉണ്ടാവില്ലെന്നാണറിയുന്നത്.

സുപ്രീംകോടതി ഹാദിയയുടെ പഠനം തുടരാന്‍വേണ്ട സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ച ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സേലത്തുനിന്ന് എട്ടുകിലോമീറ്റര്‍ അകലെ എളമ്പിലൈയില്‍ ചിത്രകോവിലിനുസമീപമാണ് സ്ഥിതി ചെയ്യുന്നത്.അതിനാല്‍ തന്നെ അവിടെ നിന്ന് പിന്നീട് റോഡ് മാര്‍ഗ്ഗമാണ് കോളേജിലേക്ക് പോവുക.

മറ്റുള്ള വിദ്യാര്‍ത്ഥികളെപ്പോലെതന്നെ ഹദിയയെയും പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തെത്തെത്തുടര്‍ന്ന് സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ.അതെ സമയം ഹാദിയയ്ക്കു തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല.

ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷെഫിന്‍ ജഹാന്റെ പ്രതികരണം.