രഞ്ജിയില്‍ ചരിത്രമെഴുതി കേരളം; ഹരിയാനക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍

ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കേരളം.ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തോല്‍പ്പിച്ച കേരളം നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നനേട്ടം സ്വന്തമാക്കി.നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയെ 78.3 ഓവറില്‍ 173ന് ഓള്‍ ഔട്ടാക്കി കേരളം വിജയ ചരിത്രം രചിച്ചു.വിജയത്തോടെ കേരളം ഏഴു പോയിന്റ് നേടി.ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

ഇതോടെ രാജ്യത്തെ ക്രിക്കറ്റ് മികവില്‍ മുന്നിട്ടുനില്‍ക്കുന്ന എട്ടു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളവും. ഗ്രൂപ്പ് ബിയില്‍ അഞ്ച് മല്‍സരത്തില്‍ നാലു ജയവുമായി 24 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഹരിയാനയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം നേടിയതോടെ കേരളത്തിനു 31 പോയിന്റായി.

1994-95 കാലത്തു പ്രീ-ക്വാര്‍ട്ടറില്‍ ഇടം നേടിയതാണ് ഇതിനു മുന്‍പു രഞ്ജിയിലെ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം. 1996-97ല്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലെത്തിയെങ്കിലും സൗത്ത് സോണിനപ്പുറം പോയില്ല. പിന്നീട് പ്ലേറ്റ്-എലൈറ്റ് രീതിയില്‍ രഞ്ജി ട്രോഫി നടന്നപ്പോള്‍ 2002-03 സീസണില്‍ പ്ലേറ്റ് വിഭാഗം ഫൈനലിലെത്തി. എന്നാല്‍ അവസാന നോക്കൗട്ട് ഘട്ടത്തിലെത്തിയില്ല.