സിനിമാ ലോകം കൈവിട്ട തൊടുപുഴ വസന്തിയുടെ മരണം ; പഴയ സഹപ്രവര്‍ത്തകയെ കാണാന്‍ മമ്മൂട്ടി എത്തി

അന്തരിച്ച പഴയ കാല സിനിമാ നടി തൊടുപുഴ വസന്തിയെ കാണാന്‍ മമ്മൂട്ടി എത്തി. നടന്‍ സിദ്ധീക്കിനോപ്പമാണ് മമ്മൂട്ടി എത്തിയത്. മരണത്തില്‍ മലയാള സിനിമാ ലോകം അനുശോചനം അറിയിച്ചു എങ്കിലും അതെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മാത്രമായിരുന്നു. എന്നാല്‍ സിനിമാ ലോകം കൈവിട്ട വസന്തിയെ കാണാന്‍ മമ്മൂട്ടി നേരിട്ട് എത്തുകയായിരുന്നു. എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു തൊടുപുഴ വാസന്തി. 450 ഓളം സിനിമകളിലും 100 ഓളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ട താരത്തിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് താരത്തിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. തൊടുപുഴയ്ക്കടുത്ത മണക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ച വാസന്തി പിതാവും നാടക നടനുമായിരുന്ന രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത്. നാടകാഭിനയത്തിനിടെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തിയെന്ന പേര് വിളിക്കുന്നത്.

കെ ജി ജോര്‍ജ്ജിന്റെ യവനികയിലെ രാജമ്മയെന്ന കഥാപാത്രമായിരുന്നു തൊടുപുഴ വാസന്തിയെ പ്രേക്ഷക ശ്രദ്ധയിലേക്കെത്തിച്ചത്. പിന്നീട് വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവരെ തേടിയെത്തി. പിതാവിന്റെ രോഗമായിരുന്നു ഇടക്കാലത്ത് അവരെ തിരശീലയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ചലചിത്ര രംഗത്തെത്തിയപ്പോഴേയ്ക്കും ഭര്‍ത്താവ് രോഗാതുരനായി 2010 ഓഗസ്റ്റില്‍ മരിച്ചു. ഇതിന് പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി തനിച്ചായി. പ്രമേഹത്തെതുടര്‍ന്ന് വലതുകാല്‍ മുറിച്ചു മാറ്റി. വിശ്രമത്തിലായിരുന്ന വാസന്തിയ്ക്ക് അടുത്ത പരീക്ഷണം തൊണ്ടയിലെ ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു നേരിടേണ്ടി വന്നത്. പണമില്ലാതെ ചികിത്സ പലപ്പോഴും മുടങ്ങി. സിനിമകളില്‍ അവസരം കുറഞ്ഞതിനെ കുറിച്ച് അവര്‍ പരാതിപ്പെട്ടില്ല, രോഗപീഡകളെ അവര്‍ തനിയെ നേരിട്ടു. വൃക്കകളും തകരാറിലായി, അവസാന നാളുകളില്‍ കേള്‍വിക്കുറവും താരത്തെ അലട്ടിയിരുന്നു. അവഗണിക്കപ്പെട്ടുവെങ്കിലും ആരോടും പരാതിയില്ലായിരുന്നു വാസന്തിയ്ക്ക്.