മാഗീ ന്യൂഡില്‍സ് വീണ്ടും വിവാദത്തില്‍ ; അളവിൽ കൂടുതൽ ചാരം ചേർത്തു ; ആരോഗ്യത്തിന് ദോഷകരമെന്ന് റിപ്പോര്‍ട്ട്

വീണ്ടും വിവാദത്തില്‍ പെട്ട് രാജ്യത്തെ പ്രമുഖ ന്യൂഡില്‍സ് ബ്രാന്‍ഡ്‌ ആയ മാഗി. മാഗി ന്യൂഡിൽസിൽ അമിത അളവിൽ ചാരം ചേർത്തിരിക്കുന്നു എന്നാണ് ഇപ്പോള്‍ വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാഗി നിർമ്മാതാക്കളായ നെസ്ലെയ്ക്കും ആറ് വിതരണക്കാർക്കുമെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം 62 ലക്ഷം രൂപ പിഴയും ചുമത്തി. എന്നാൽ ഇതുസംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കിൽ അപ്പീൽ നൽകുമെന്നുമാണ് നെസ്ലെ അധികൃതർ പ്രതികരിച്ചത്. ഇതിനു മുന്‍പും സമാനമായ രീതിയിലാണ് മാഗി വിവാദങ്ങളില്‍ പെടുന്നത്. 2015 ല്‍ ആയിരുന്നു അത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. മാഗി ന്യൂഡിൽസിൽ അളവിൽ കൂടുതൽ ചാരവും മറ്റു ചേരുവകളും ചേർത്തിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം.

അമിത അളവിൽ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ അളവിൽ കൂടുതൽ ചാരം ഉപയോഗിച്ചതിന് 62 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതിൽ 45 ലക്ഷം രൂപ നെസ്ലെ കമ്പനിയാണ് പിഴ അടക്കേണ്ടത്. മാഗി ന്യൂഡിൽസിന്റെ ആറു വിതരണക്കാർ ചേർന്ന് 17 ലക്ഷം രൂപയും പിഴ അടയ്ക്കണം. അതേസമയം ഇത്തരമൊരു പരിശോധനഫലത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് നെസ്ലെ അധികൃതർ പ്രതികരിച്ചത്. പിഴ അടക്കണമെന്ന നോട്ടീസും കമ്പനിക്ക് ലഭിച്ചിട്ടില്ല. നോട്ടീസും പരിശോധന റിപ്പോർട്ടും ലഭിക്കുകയാണെങ്കിൽ ഇതിനെതിരെ അപ്പീൽ നൽകുമെന്നും നെസ്ലെ അറിയിച്ചു. മാഗി ന്യൂഡിൽസിൽ മായമില്ലെന്നും, കൃത്രിമം നടത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത, 100% സുരക്ഷിതമായ ന്യൂഡിൽസാണ് മാഗിയെന്നും കമ്പനി അവകാശപ്പെട്ടു.