നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ; അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ രാജകുമാരനെ വിട്ടയച്ചു

റിയാദ് : അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതബ് ബിന്‍ അബ്ദുല്ലയെ വിട്ടയച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. നൂറു കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചാണ് മിതബ് ബിന്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്‍. ദേശീയ ഗാര്‍ഡിന്റെ തലവനായിരുന്നു ഇദ്ദേഹം. മിതബിനെ മോചിപ്പിക്കുന്നതിനുള്ള കൃത്യമായ കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് നൂറ് കോടി ഡോളറിലധികം വരുമെന്നാണ് അധികൃതര്‍ പറയുന്നത്. നവംബര്‍ നാലിന് അറസ്റ്റ് ചെയത രാജകുടുംബാംഗങ്ങളില്‍ നാല് മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു.

ഇവരെ കൂടാതെ മുന്‍ ഉദ്യോഗസ്ഥരും വ്യവസായികളും അകത്തായി. അറസ്റ്റിലായവരില്‍ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ അല്‍വലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജകുടുംബാഗങ്ങളടക്കമുള്ള പന്ത്രണ്ടോളം ഉന്നതരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞ ലോക രാഷ്ട്രങ്ങള്‍ എല്ലാം ഞെട്ടിയിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക നില തന്നെ അവതാളത്തില്‍ ആകുന്ന തരത്തിലായിരുന്നു സംഭവങ്ങളുടെ പോക്ക്.