ഇവരത്ര നിസ്സാരക്കാരല്ല;യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ച അക്രമിയെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു

അപരിചിതന്റെ അക്രമത്തില്‍ നിന്നും യുവതിയെ തെരുവ് നായ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. ബല്‍ക്കാനിലെ മോണ്ടിനീഗ്രോ പ്രവിശ്യയിലാണ് സംഭവം. റോഡിലൂടെ തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന് മോഷണം നടത്താന്‍ ശ്രമിച്ച അപരിചിതനെയാണ് തെരുവ് നായ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്.

കുറച്ച് സാധനങ്ങളടങ്ങിയ ഒരു കവറുമായി നടന്നു പോവുകയായിരുന്ന യുവതിയെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിച്ച യുവാവ് പിന്തുടരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇവരുടെ നടപ്പാദക്ക് നടുവിലായി ഒരു നായ ഇതെല്ലം നോക്കി ഇരിക്കുന്നുണ്ട്. ഉടനെ അടുത്തെത്തിയ മോഷ്ടാവ് യുവതിയെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം നായ അക്രമിക്ക് നേരെ ചാടി വീഴുകയും അയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ മോഷ്ടാവ് ജീവനും കൊണ്ട് ഓടുകയായിരുന്നു.

അയാള്‍ ഓടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നായ മോഷ്ടാവിനെ കടിച്ചേക്കുമായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ യുവതി സ്തംബ്ധയായി നിന്നു. അപ്പോഴും അയാളുടെ വഴിയേ നോക്കി നായ കുരക്കുന്നുണ്ടായിരുന്നു.