191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി;അത്ഭുത നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍; ഇവനാണ് ഡിവില്ലിയേഴ്സിന്റെ യഥാര്‍ത്ഥ പിന്‍ഗാമി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകുമുണ്ടാകുക.അത് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്സ് തെന്നെയാണ്. ക്രീസിനുള്ളില്‍ 360 ഡിഗ്രി കറങ്ങിനിന്ന് പന്തിനെ അതിര്‍ത്തിക്കുമുകളിലൂടെ പറത്തുന്ന എ ബി ഡി വിസ്മയകാഴ്ചയാണ്.ഇപ്പോഴിതാ എ ബി ഡിയുടെ പിന്‍ഗാമി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ആവേശമാകുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയിടിച്ചാണ് മാര്‍ക്കോ മാറെയ്സ് എന്ന യുവാവ് ശ്രദ്ധേയനാകുന്നത്.

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍ നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് അതിവേഗ ട്രിപ്പിളുമായി 24 കാരന്‍ ലോകത്തെ ഞെട്ടിച്ചത്. 191 പന്തില്‍ നിന്ന് പുറത്താകാതെ മാറെയ്സ് 300 അടിച്ചുകൂട്ടിയത്.ഒരു നൂറ്റാണ്ടിലേറെ പഴക്കുമുള്ള ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 200 പന്തില്‍ താഴെ ബാറ്റൂവീശി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ കുറിക്കപ്പെടുന്നത്. 96 വര്‍ഷം മുമ്പ് 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരേ ഓസ്ട്രേലിയന്‍ താരം ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോഡാണ് മാറെയ്സ് പഴങ്കഥയാക്കിയത്.

മത്സരത്തില്‍ 68 പന്തില്‍ മൂന്നക്കം കടന്ന മാറെയ്സ് 130 പന്തില്‍ ഡബില്‍ സെഞ്ച്വറി കടന്നു. 35 ഫോറും 13 സിക്സും ആ ഇന്നിംഗ്സിന് ചാരുത നല്‍കി. ഇദ്ദേഹത്തെ ഒരു കൃഷിക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.