മാറ്റിവച്ച ഗര്‍ഭാശയത്തിലൂടെ കുഞ്ഞിന്റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാലസില്‍

പി.പി.ചെറിയാന്‍

ഡാലസ്: ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ദാനമായി ലഭിച്ച ഗര്‍ഭാശയം തുന്നി പിടിപ്പിച്ച സ്ത്രീ ഗര്‍ഭം ധരിച്ചു കുഞ്ഞിന്ജന്മംനല്‍കിയ ആദ്യ സംഭവത്തിലൂടെ ടെക്സസിലെ ബെയ് ലര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ (ഡാലസ്) ചരിത്രത്തില്‍ ഇടം നേടി.

35 നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നിന്നും ലഭിച്ച ഗര്‍ഭാശയം ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള പത്തു സ്ത്രീകളില്‍ പരീക്ഷിച്ചതില്‍ നിന്നും ആദ്യമായാണ് ഒരാള്‍ ഗര്‍ഭോല്‍പാദനം നടത്തി പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കിയത്.

ഡിസംബര്‍ 1 വെള്ളിയാഴ്ച ആശുപത്രി വക്താവ് ക്രോഗ് സിയാലി ജനനത്തെക്കുറിച്ചുള്ള വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി. 2014 ല്‍ സ്വീഡനിലാണ് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയില്‍ നിന്നും ലഭിച്ച ഗര്‍ഭായത്തിലൂടെ മറ്റൊരു സ്ത്രീ ഗര്‍ഭം ധരിച്ച സംഭവം ലോകത്തില്‍ തന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ ലോകത്തില്‍ 16 യൂട്രസ് ട്രാന്‍സ്പ്ലാന്റാണ് നടന്നിട്ടുള്ളത്. ഡാലസ് ബെയ് ലര്‍ ഹോസ്പിറ്റലില്‍ നിന്ന് യൂട്രസ് ട്രാന്‍സ്പ്ലാന്റില്‍ തയ്യാറായത് ഡാലസിലെ തന്നെ രണ്ടു കുട്ടികളുടെ മാതാവായ മറ്റൊരു റജിസ്ട്രേര്‍ഡ് നഴ്സാണ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പേര്‍ വിവരം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയില്ല.