ശ്രുതി ബട്നാഗര്‍ മേരിലാന്റ് കൗണ്‍സില്‍ സ്ഥാനാര്‍ഥി

പി.പി.ചെറിയാന്‍

മോണ്ട്ഗോമറി: മേരിലാന്റ് മോണ്ട്ഗോമറി കൗണ്ടി കൗണ്‍സിലിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ശ്രുതി ബട്നാഗര്‍ (40) മത്സരിക്കുന്നു. കൗണ്‍സിലില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വംശജയായ അശ്വതി ജയിന്‍ ഉള്‍പ്പെടെ 20 പേരാണ് മത്സര രംഗത്തുള്ളത്.

കൗണ്ടിയിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ശ്രുതിയുടെ തിരഞ്ഞെടുപ്പു പത്രികയില്‍ ഉറപ്പു നല്‍കുന്നു. 18 വയസ്സില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയ ശ്രുതി എംബിഎ ബിരുദം നേടിയശേഷം മോണ്ട്ഗോമറി കൗണ്ടി പബ്ലിക്ക് സ്‌കൂളില്‍ എഡുക്കേറ്ററായി പ്രവര്‍ത്തിച്ചുവരുന്നു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗകര്യപ്രദമായ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിനും, അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ വിദ്യാലയങ്ങള്‍ കണ്ടെത്തി പ്രവേശനം നേടി കൊടുക്കുന്നതിലും കഴിഞ്ഞ 15 വര്‍ഷമായി സജീവ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരികയാണ് സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകയായ ശ്രുതി.

ചെറുകിട വ്യവസായിയായ പിതാവും, വിദ്യാഭ്യാസ പ്രവര്‍ത്തകയായ മാതാവിനും ജനിച്ച ശ്രുതി ന്യുഡല്‍ഹിയിലെ അമേരിക്കന്‍ കമ്പനികളിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതിയുടെ വിജയത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി രംഗത്തിറക്കിയിട്ടുണ്ട്.