പെണ്‍കുട്ടികളുടെ മുന്നില്‍ ഷോ കാണിക്കാന്‍ സ്‌റ്റേഷനിനുള്ളില്‍ സബ് ഇന്‍സ്‌പെക്ട്ടറുടെ ഡാന്‍സ്;വീഡിയോ വൈറലായപ്പോള്‍ സസ്പെന്‍ഷനടിച്ച് കൈയ്യില്‍ക്കൊടുത്തു

അസാന്‍സോള്‍: സ്‌റ്റേഷന്‍ ഡ്യൂട്ടിക്കിടെ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച പൊലീസുകാരനെതിരെ നടപടി. ബംഗാളിലെ ഹീരാപൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഡ്യൂട്ടിക്കിടെ ഡാന്‍സ് കളിച്ച് പണിവാങ്ങിയത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ സദന്‍ മണ്ഡല്‍ ഹിന്ദി പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

സംഭവത്തില്‍ അസന്‍സോള്‍- ദുര്‍ഗാപുര്‍ പൊലീസ് കമ്മീഷനര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഞായറാഴ്ചയാണ് സംഭവം. ഇന്‍സ്‌പെക്ടറുടെ ഡാന്‍സിന് സ്‌റ്റേഷനിലുണ്ടായ പെണ്‍കുട്ടികള്‍ കൈയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. വിഡിയോ ചിത്രീകരിച്ച പൊലീസുകാരനെതിരെയും നടപടിയുണ്ടാകും.ഉത്തരവാദിത്വ പദവിയിലുള്ള ഉദ്യോഗസ്ഥനായിട്ടും പെരുമാറ്റചട്ട ലംഘനം നടത്തിയ വീഴ്ച വരുത്തിയ കൃഷ്ണ സദനെതിരെ നടപടിയുണ്ടാകുമെന്നും ഈ രണ്ട് ഉദ്യോഗസ്ഥരും പൊലീസ് സേനക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും അസന്‍സോള്‍ കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീണ പറഞ്ഞു.