പൊരുതി നോക്കിയെങ്കിലും വാലറ്റക്കാര്‍ പെട്ടെന്ന് വീണു;ഫോളോഓണ്‍ ഒഴിവാക്കിയ ലങ്ക മൂന്നാം ദിനം 356/9 എന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മികച്ച മറുപടി നല്‍കിയ ലങ്ക വാലറ്റക്കാര്‍ തകര്‍ന്നടിഞ്ഞതോടെ പരുങ്ങലില്‍.ഇന്ത്യ ഉയര്‍ത്തിയ 536 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക, എയ്ഞ്ചലോ മാത്യൂസും (111) ദിനേഷ് ചാണ്ഡിമലും (147 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പൊരുതി നോക്കിയെങ്കിലും വാലറ്റക്കാര്‍ വീണതോടെ വീണ്ടും പ്രതിസന്ധിയിലാണ്. മൂന്നാം ദിനം കാളിയവസാനിപ്പിക്കുമ്പോള്‍ ലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെന്ന നിലയിലാണ്

പെരേര(42), സമരവിക്രമ(33) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒരുവിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനേക്കാള്‍ 180 റണ്‍സ് പിന്നിലാണ് ലങ്ക. മൂന്ന് പേര്‍ ലങ്കന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായി. അശ്വിന്‍ മൂന്നും ഷമി, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എയ്ഞ്ചലോ മാത്യൂസും ദിനേഷ് ചണ്ഡിമലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിയത്. മൂന്നാം ദിനം 131 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്ക പതുക്കെ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് എയ്ഞ്ചലോ മാത്യൂസിനെ അശ്വിന്‍, സാഹയുടെ കൈകളിലെത്തിച്ചത്. മാത്യൂസും ചാണ്ഡിമലും ചേര്‍ന്ന് 181റണ്‍സാണ് നേടിയത്. പിന്നീട് സദീര സമരവിക്രമക്കൊപ്പം ചേര്‍ന്ന് 61 റണ്‍സ് ദിനേഷ് ചണ്ഡിമല്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

നേരത്തെ നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 536ന് ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന് മുന്‍പിലാണ്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു.