ഗാന്ധി സമാധിയില്‍ ‘കാണിക്കവഞ്ചി’ സ്ഥാപിച്ച് പണപ്പിരിവ്; രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ലോകം തന്നെ മാതൃകയാക്കിയ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ മരണശേഷവും അപമാനിക്കാന്‍ ശ്രമം. രാജഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതാണ് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവത്തിനിടയായത്.ഇതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തി.

മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് സമമാണിതെന്ന് കോടതി വിലയിരുത്തി. സംഭാവന നല്‍കുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതില്‍ ലഭിക്കുന്ന പണം ആരുടെ കൈകളിലാണെത്തുന്നതെന്നും ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. ഗാന്ധി സമാധി കൃത്യമായ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍ ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവടങ്ങിയ ബെഞ്ച് അഭിപ്രായപ്രകടനം നടത്തിയത്.കാണിക്കപ്പെട്ടി അവിടെ നിന്നും മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്ഘട് സമാധി സമിതിക്കാണ് ഗാന്ധിസമാധിയുടെ ചുമതലയുള്ളത്. രാഷ്ട്രപിതാവ് സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിനാണ് സംഭാവനപെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നതെന്ന് കൗണ്‍സല്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചത്.ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്ന് കോടതി ചോദിച്ചു. സമാധിസ്മാരകം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കേസില്‍ ജനുവരി 30ന് കോടതി വീണ്ടും വാദം കേള്‍ക്കും.