മെട്രോ കൈവിട്ടെങ്കിലെന്ത് കുമ്മനാനയുടെ പേരില്‍ പുതിയ ഗെയിം പുറത്തിറങ്ങി; കുമ്മനാനയെ പറപ്പിക്കു..അര്‍മ്മാദിക്കൂ: ഗെയിം

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനകുട്ടിക്ക് പേരു നല്‍കാന്‍ അടുത്തിടെ കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരു ട്രോളായി എടുത്ത ഒരു രസികന്‍ കുമ്മനാന എന്ന പേര് നിര്‍ദേശിക്കുകയും,ഇതിനു ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുകയും ചെയ്തു.സംഭവം വൈറലായതോടെ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതര്‍ക്ക് നാമനിര്‍ദേശന മത്സരത്തിന്റെ നിയമാവലി മാറ്റേണ്ടി വന്നു.

എന്നാല്‍ അതുകൊണ്ട് സംഭവം അവസാനിച്ചു എന്ന് കരുതാന്‍ വരട്ടെ. കുമ്മനാന എന്ന പേര് വാന്‍ സംഭവമായിരിക്കുകയാണിപ്പോള്‍. പോരാത്തതിന് കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും.എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല.

അതേ സമയം ഇതിനെല്ലാം മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തി. എന്ത് ചെയ്താലും തന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ലെന്നും എല്ലാം കൗതുകത്തോടെ താന്‍ നോക്കിക്കാണുന്നതെന്നും ആരോടും പ്രയാസമില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

ഗെയിമിലേക്കുള്ള ലിങ്ക്