മാനേജ്മെന്റ് പീഡനം കാരണം ആത്മഹത്യക്ക് ശ്രമിച്ച ആതിരയ്ക്ക് നീതി ലഭിക്കുമോ ? മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ നെഞ്ച് തകര്‍ന്ന് ഒരമ്മ

തിരുവനന്തപുരം : തിരുവനന്തപുരം മരുതുംകുഴി സ്വദേശിയായ ആതിര എന്ന ദളിത് പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്ന് പോരാടുകയാണ്. കോഴിക്കോട് കൊണ്ടോട്ടിയിലുള്ള ഒരു ലോഡ്ജിന്റെ മുകളില്‍ നിന്നും അവള്‍ താഴേയ്ക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആരാണ് അവളെ അതിലേയ്ക്ക് വലിച്ചിഴചത്. ജീവിക്കുവാനുള്ള മോഹങ്ങളുമായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിയ ആതിര എന്തിനു ഇങ്ങനെ ഒരു കടുംകൈ ചെയ്തു. മകള്‍ക്ക് ഉണ്ടായ ദുരന്തം കണ്ടു കരയാന്‍ പോലും ശേഷിയില്ലാതെ പകച്ചു നില്‍ക്കുകയാണ് ആതിരയുടെ അമ്മ. തിരുവനന്തപുരത്തുള്ള തമ്പാനൂരിലെ ഐ.പി.എം.എസ് എന്ന സ്ഥാപനത്തിൽ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആതിര. ഒരു നല്ല ഭാവി സ്വപ്നംകണ്ട് ആണ് വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത് എങ്കിലും ആതിരയുടെ അമ്മ ഇന്ദിര കനത്ത ഫീസ്‌ നല്‍കി മകളെ ഇവിടെ പഠനത്തിനായി അയച്ചത്. എന്നാല്‍ പഠനം തുടങ്ങിയ കാലം മുതല്‍ ദളിത് വിഭാഗത്തില്‍ പെട്ട അതിരയോട് മാനേജ്മെന്റിന് ഒരു ശത്രുതാമനോഭാവം ഉണ്ടായിരുന്നു എന്ന് അമ്മ പറയുന്നു. തൊടുന്നതിനും പിടിക്കുന്നതിനും കുറ്റങ്ങള്‍ കണ്ടു പിടിച്ചിരുന്ന മാനേജ്മെന്റ് ഒരിക്കല്‍ സ്ഥാപനത്തില്‍ നിന്നും ആതിരയെ പുറത്താക്കുകയും ചെയ്തു. പഠന സമയം വിവാഹിതയായി എന്നായിരുന്നു അവര്‍ കണ്ടെത്തിയ കാരണം. അവസാനം രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം ആതിരയെ വീണ്ടും സ്വീകരിക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരായി. ഇതും കൂടി ആയപ്പോള്‍ മാനേജ്മെന്റ്ന്‍റെ വൈരാഗ്യം പതിന്മടങ്ങ് കൂടുകയാണ് ഉണ്ടായത്. ചുറ്റും ഉയരുന്ന എതിര്‍പ്പുകള്‍ക്ക് ഇടയിലും ആതിര തന്‍റെ കോഴ്സ് പൂര്‍ത്തിയാക്കി.

അതിനെ തുടര്‍ന്നാണ്‌ സ്ഥാപനം തന്നെ ഒരു മാസം മുന്‍പ് ആതിരയെയും മറ്റു കുട്ടികളെയും ട്രെയിംഗിനായി കോഴിക്കോട് അയച്ചത്. എന്നാല്‍ അവിടെ എത്തിയിട്ടും പീഡനങ്ങള്‍ക്ക് കുറവൊന്നും വന്നില്ല. കൂടെ പോയ പെണ്‍കുട്ടികളെ ഉപയോഗിച്ച് ആതിരയെ ശാരീരികവും മാനസികവുമായി ഉപദ്രവം ഏല്‍പ്പിക്കുക പതിവായി. കൂട്ടുകാരികള്‍ മുറിയില്‍ പൂട്ടിയിട്ടു തന്നെ ക്രൂരമായി മര്‍ദിച്ചു എന്ന് പലതവണ ആതിര അമ്മയെ വിളിച്ചു അറിയിച്ചു. സ്ഥാപന ഉടമയായ ബിന്ദുവിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് കുട്ടികള്‍ ആതിരയോട് പറയുകയും ചെയ്തിരുന്നു. സംഭവദിവസവും ഈ കുട്ടികള്‍ ആതിരയെ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്നും ചാടി ആതിര ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ആ വിവരം വീട്ടുകാരെ വിളിച്ച് അറിയിക്കുന്നതില്‍ പോലും സ്ഥാപന അധികൃതര്‍ അനാസ്ഥ കാണിച്ചു. ടെറസില്‍ നിന്നും കാലുതെന്നി താഴെ വീണു എന്നാണു അവര്‍ വീട്ടുകാരെ വിളിച്ചു പറഞ്ഞത്. അതുപോലെ പരിക്കുകള്‍ ഗുരുതരമല്ല എന്നും അവര്‍ പറഞ്ഞതായി ആതിരയുടെ ബന്ധുക്കള്‍ പറയുന്നു. വിവരം അറിഞ്ഞു തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിയ വീട്ടുകാര്‍ കാണുന്നത് കഴുത്തിന്‌ താഴോട്ട് പൂര്‍ണ്ണമായും തകര്‍ന്ന ആതിരയുടെ ശരീരമാണ്. നട്ടെല്ലിനു മാത്രം ഒന്നിലേറെ പൊട്ടലുകള്‍ ഉണ്ട്. ഇപ്പോള്‍ തിരുവനന്തപുരം എസ്.പി ഫോര്‍ട്ട്‌ ആശുപത്രിയിലാണ് ആതിര ഉള്ളത്. സ്ഥാപന അധികൃതര്‍ ഒരാള്‍ പോലും വന്നു തിരിഞ്ഞു നോക്കിയില്ല എന്ന് വീട്ടുകാര്‍ പറയുന്നു. കോഴിക്കോട് പോലീസ് എഴുതിയ എഫ് ഐ ആറില്‍ കുട്ടിയെ പറ്റിയുള്ള മോശം വിവരങ്ങള്‍ ആണ് മുഴുവനും. കേസ് വഴി തിരിച്ചു വിടാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍ എന്ന് വീട്ടുകാര്‍ പറയുന്നു.

അതുപോലെ മുഖ്യധാര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തലതിരഞ്ഞാണ് എന്നും വീട്ടുകാര്‍ ആരോപിക്കുന്നു. പല മാധ്യമങ്ങളും മാനേജ്മെന്റ് പക്ഷത്ത് നിന്നാണ് വാര്‍ത്തകള്‍ നല്‍കുന്നത് എന്നും പിന്നോക്ക വിഭാഗം എന്നതില്‍ ഉപരി മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തന്‍റെ മകള്‍ക്ക് ഉണ്ടായ ദുരന്തത്തിന് കാരണമായവര്‍ക്ക് എതിരെ ഏതറ്റം വരെയും പോയി പോരാടുവാനാണ് ഈ അമ്മയുടെ തീരുമാനം. പണത്തിന്റെ ബലത്തില്‍ മാനേജ്മെന്റ് കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കും എന്ന വ്യക്തമായ ധാരണ ഇപ്പോള്‍ തന്നെ വെളിവായി കഴിഞ്ഞു. നീതി പീഡത്തിലും സര്‍ക്കാരിലുമാണ് ഈ കുടുംബത്തിന്‍റെ പ്രതീക്ഷ മുഴുവന്‍.ആതിരയെ ഉപദ്രവിച്ച സംഭവത്തില്‍ കൂട്ടുകാരികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ ആതിരയെ ഉപദ്രവിച്ചു എന്നതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചു എങ്കിലും മുകളില്‍ നിന്നുള്ള ഉത്തരവ് പ്രാകാരമാണ് അറസ്റ്റ് ചെയ്യാത്തത് എന്നും പറയപ്പെടുന്നു. ആത്മഹത്യ ശ്രമത്തിനു പിന്നില്‍ റാഗിംഗ് ആണ് എന്നാണ് പോലീസ് എഴുതി വെച്ചിരിക്കുന്നത്. പ്രതികള്‍ക്ക് പുഷ്പം പോലെ രക്ഷപെടാന്‍ സാധിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നതും. അതുപോലെ സ്ഥാപക ഉടമയായ സ്ത്രീയുടെ വിഷയത്തിലും പോലീസ് മൌനം പാലിക്കുകയാണ്. ആതിര ടെറസില്‍ നിന്നും ചാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്താണ് അതിന്‍റെ പിന്നില്‍ എന്ന് ഇതുവരെ ആരും അന്വേഷിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.