ഓഖി ചുഴലിക്കാറ്റ്: കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ കൈത്താങ്ങ്

വിയന്ന: ഓഖി ചുഴലികാറ്റ് നാശം വിതച്ച കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിവിധ ക്യാംപുകളിലേക്കുള്ള വസ്ത്രങ്ങളും ഭക്ഷണവുമടക്കം വിതരണം ചെയ്താണ് ഫെഡറേഷന്റെ അംഗങ്ങള്‍ പുനരധിവാസ ക്യാംപുകളില്‍ സാന്ത്വനവുമായി എത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ പ്രവര്‍ത്തകര്‍ വിയന്നയില്‍ നിന്നും സ്വരൂപിച്ച നല്ലൊരു തുകയും വസ്ത്രങ്ങളും നാട്ടിലേയ്ക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ്. ആദ്യഘട്ട തുകയായ ഒന്നര ലക്ഷം രൂപ സംഘടനയുടെ ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ ടോമിച്ചന്‍ പാറുകണ്ണില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന് കൈമാറി. ശേഖരിക്കുന്ന വസ്ത്രങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാമെന്നു എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.വസ്ത്രങ്ങള്‍ കൊടുക്കാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

കുട്ടികളും വൃദ്ധരുമടക്കം നിരവധിപേരാണ് കെടുതി നേരിട്ടപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പുനരധിവാസ ക്യാമ്പില്‍ അഭയം പ്രാപിച്ചത്. സംഘടനയുടെ അംഗങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കിയത് അനുസരിച്ചു മാറി ഉടുക്കാന്‍ പോലുമുള്ള വസ്ത്രങ്ങള്‍ പല കുടുംബങ്ങള്‍ക്കുമില്ല. അതിനിടയില്‍ ഇനിയും തീരമണയാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓര്‍ത്തു പലരും വിതുമ്പി കരയുകയാണ്. ഈ ഘട്ടത്തിലാണ് ഡബ്ലിയു.എം.എഫ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ ആഗ്രഗിച്ചതു. ഇനിയും ഈ ഉദ്യമത്തില്‍ ആര്‍ക്കും പങ്കുചേരാവുന്നതാണ്. വിളിക്കേണ്ട നമ്പര്‍: +4369910534549 (ഓസ്ട്രിയ) +919946611834 (ഇന്ത്യ)