ബാലന്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്; മികച്ച ഫുട്‌ബോളറാകാന്‍ റൊണാള്‍ഡോയും മെസ്സിയും ഒപ്പത്തിനൊപ്പം

ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്നു പ്രഖ്യാപിക്കും.ഇന്ത്യന്‍ സമയം രാത്രി 12.15-നാണ് പ്രഖ്യാപനം.റയലിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സയുടെ അര്‍ജന്റൈന്‍ താരം മെസിയും തമ്മിലാണ് പ്രധാന മത്സരം. മെസി അഞ്ചുതവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലുതവണയും പുരസ്‌കാരം നേടിയിട്ടുണ്ട്.ഇന്ന് പുരസ്‌കാരം നേടാനായാല്‍ റൊണാള്‍ഡോയ്ക്ക് മെസിയുടെ നേട്ടത്തിനൊപ്പം എത്താനാകും.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇത്തവണയും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. സ്പാനിഷ് ലീഗില്‍ 25-ഉം ചാമ്പ്യന്‍സ് ലീഗില്‍ പന്ത്രണ്ടും ഗോളുകളുമാണ് റോണോ നേടിയത്.ഈ രണ്ടു കിരീടങ്ങള്‍ നേടുന്നതിന് റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകവുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ അദ്ദേഹത്തിന്റ പ്രകടനം ആശാവഹമല്ല.

ബാഴ്‌സലോണയ്ക്കായി കഴിഞ്ഞ സ്പാനിഷ് ലീഗില്‍ 37 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.പക്ഷെ ടീമിന് മികച്ച കിരീടങ്ങളൊന്നും നേടിക്കൊടുക്കാനായില്ല. 2018-ലെ റഷ്യന്‍ ലോകകപ്പിലേക്ക് അര്‍ജന്റീനയ്ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ മെസി നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. നടപ്പു സീസണില്‍ ബാഴ്‌സയ്ക്കായി 13 ഗോള്‍ നേടുകയും നാലെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.