ഇന്ത്യയുടെ അളില്ലാ വിമാനം അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന

ബെയ്ജിങ്:ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) തങ്ങളുടെ വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തങ്ങള്‍ തകര്‍ത്തതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.

ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.ചൈനീസ് സൈന്യം തക്കസമയത്ത് ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്ലി വ്യക്തമാക്കി.

ഡോക്ലാമില്‍ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും മേഖലയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു.അതിനു ശേഷം അതിര്‍ത്തിയിലെ നില സമാധാനപരമായി തുടരവെയാണ് പുതിയ ആരോപണവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ ഇതേക്കുറിച്ച് ഇന്‍ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.