കുറിഞ്ഞി ഉദ്യാനവും മൂന്നാറും സംരക്ഷിക്കണം: സര്‍ക്കാരിനെതിരെ സിപിഐ നേതാവിന്റെ ഹര്‍ജി

തിരുവനന്തപുരം:കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐ നേതാവിന്റെ ഹര്‍ജി. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദാണ് ഹര്‍ജി നല്‍കിയത്.12 പേജുള്ള ഹര്‍ജിയാണ് ഹരിത ട്രൈബ്യൂണലില്‍ നല്‍കിയിട്ടുള്ളത്.ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്.

മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലുള്‍പ്പടെ കൈയേറ്റം വ്യാപകമാണെന്നും ഈ അനധികൃത കൈയേറ്റങ്ങളൊഴിപ്പിച്ച് അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.വനം വകുപ്പിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല.രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമിക കൈയടക്കിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

.കൈയേറ്റക്കാരുടെ രാഷ്ട്രീയ പിന്‍ബലം ഒഴിപ്പിക്കലിന് തടസ്സം നില്‍ക്കുന്നുവെന്നും ഒഴിപ്പിക്കലിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നുമാണ് പി. പ്രസാദിന്റെ ആവശ്യം.പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്നും പാര്‍ട്ടി തന്നെ ചുമതലപെടുത്തുകയായിരുന്നെന്നും പി. പ്രസാദ് പറഞ്ഞു.