സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം; ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് ഹാജര്‍ നിര്‍ബന്ധമാക്കി.നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ജനുവരിഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളംനല്‍കുവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും നിര്‍ദേശമുണ്ട്.15-ന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു വേറെ ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് ലഭ്യമാക്കുക.നിലവില്‍ 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല.

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കില്‍ ഒപ്പിടലില്‍ ഇളവും ലഭിക്കും. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല.കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഓഫിസുകളില്‍ എന്‍.ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. പരിഷ്‌കാരത്തിനു മുന്നോടിയായി സ്പാര്‍ക്കിനെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറിലേക്കു മാറ്റും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.