വ്യാജ രേഖകളുമായി ഇതര സംസ്ഥാന അയ്യപ്പന്മാര്‍ ശബരിമലയില്‍; സുരക്ഷക്ക് വന്‍ ഭീഷണി

അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ വ്യാജ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നത് സുരക്ഷക്ക് ഭീഷണിയാകുന്നു. വ്യാജമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുമായാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തുന്നത്. മാവോയിസ്‌റ് ഭീഷണിയും സമൂഹ മാധ്യമങ്ങളില്‍ സംഘടിത നീക്കങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായാണ് കാണുന്നത്.

തീര്‍ത്ഥാടന കാലം തുടങ്ങി 3 ആഴ്ച പിന്നിട്ടിട്ടും ജോലിക്കെന്ന വ്യാജേന ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തമിഴ് പുലികള്‍ ഉള്‍പ്പെടെ മാവോയിസ്‌റ്, നക്‌സല്‍ സംഘടനകള്‍ക്ക് വേരോട്ടമുള്ള തേനി, കമ്പം, തിരുനല്‍വേലി കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും ഉള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.

തീവ്രവാദി ഭീഷണി ഉള്‍പ്പെടെ നേരിടുന്ന അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ ഇത്തരം സംസ്ഥാനക്കാരുടെ നുഴഞ്ഞുകയറ്റം സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയാണെന്ന് ഇന്റലിജന്‍സും രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റലിജന്‍സും രഹസ്യാന്വേഷണ വിഭാഗവും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരം സംസ്ഥാനങ്ങളില്‍നിന്നായി നൂറുകണക്കിന് ആളുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ഇപ്പോളും ജോലിക്കെന്ന വ്യാജേന ശബരിമലയില്‍ എത്തുന്നുണ്ട്. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടകളിലും ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ദിവസ വേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരെ ഷാഡോപോലീസ് നിരീക്ഷിക്കുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കാറുണ്ടെങ്കിലും ഇവരെ ചോദ്യംചെയ്ത് വിട്ടയക്കുകയാണ് പതിവ്. 300 ഓളം പേരെ ഇത്തരത്തില്‍ കഴിഞ്ഞ ദിവസം സേന പിടികൂടി.

അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പേടിയാണ് കേരളപോലീസിലെ ഇതില്‍നിന്നും പിന്‍തിരിപ്പിക്കുന്നത്. ഇത്തരത്തില്‍ മടക്കി അയക്കുന്നവര്‍ വനാന്തരങ്ങളില്‍ തമ്പടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരത്തോടെ ഉള്‍വനത്തില്‍ കൊമ്പിങ് ഓപ്പറേഷന്‍ നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവര്‍ ജോലി ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി ബോര്‍ഡ് അധികൃതരെ സമീപിക്കുബോളാണ് കള്ളത്തരം പലപ്പോളും വെളിച്ചതെത്തുന്നത്. ഇത്തരക്കാരില്‍നിന്ന് പേരും മേല്‍വിലാസവും എഴുതാത്ത, പോലീസ് സ്റ്റേഷനുകളുടെ പേരും സീലും മാത്രമുള്ള സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്.

സീസണ്‍ തുടങ്ങിയപ്പോള്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയ മിക്കവരും ഇപ്പോള്‍ പമ്പമുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മിക്കവര്‍ക്കും പകരക്കാരാണ് ഇപ്പോള്‍ ജോലിയിലുള്ളത്. തിരിച്ചറിയല്‍ രേഖകളില്ലാത്തവരും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.