ഓഖി മുംബൈ തീരത്ത് തിരിച്ചെത്തിച്ചത് 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; പണികിട്ടിയത് മുംബൈ നഗരസഭക്ക്

മുംബൈ: ഓഖി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരങ്ങളിലുണ്ടാക്കിയ വ്യാപകമായ നാശനഷ്ടങ്ങളുടെയും ജീവഹാനിയുമെല്ലാം കൃത്യമായ കണക്ക് എത്രയെന്ന് അറിയാനിരിക്കുന്നതേയുള്ളു.എന്നാല്‍, ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്കെടുത്താല്‍ എണ്‍പതിനായിരം കിലോയോളം വരുമിത്.ഓഖി ചുഴലിക്കാറ്റില്‍ 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ ബീച്ചുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.

നദിയിലും കടലിലും പലപ്പോഴായി തള്ളപ്പെട്ട മാലിന്യങ്ങള്‍ തീരത്ത് തിരികെയെത്തിച്ചിരിക്കുകയാണ് ഓഖി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് ഇത്രയും മാലിന്യം തീരത്തടിഞ്ഞത്. കടലില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യം ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട വലിയ തിരമാലകള്‍ കരയിലെത്തിക്കുകയായിരുന്നു. എണ്‍പത് ടണ്‍ മാലിന്യമാണ് കരയില്‍ കൂമ്പാരമായിക്കിടക്കുന്നതെന്ന് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കണക്കാക്കുന്നു.

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങളുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്. ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കൂടുകള്‍, തുണി, കയര്‍, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ബീച്ചുകളില്‍നിന്ന് മാലിന്യം നീക്കംചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുവരെ 26 ലോഡുകള്‍ നീക്കംചെയ്തുകഴിഞ്ഞു. പൂര്‍ണമായും ഇവ നീക്കംചെയ്യുന്നതിന് മൂന്ന്, നാല് ദിവസങ്ങള്‍ വേണ്ടിവരും. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവ വീണ്ടും കടലിലേക്ക് തന്നെ തല്ലുമോ അതോ സംസ്‌കരണ പ്ലാന്റുകളിലെത്തിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.