മേളയ്ക്ക് പോകാന്‍ പാസ് ലഭിച്ചില്ല എന്ന് നടി സുരഭി ; വീട്ടില്‍ കൊണ്ട് കൊടുക്കുവാന്‍ കഴിയില്ല എന്ന് കമല്‍ ; പുതിയ വിവാദം പുകയുന്നു

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുവാന്‍ തനിക്ക് ആരും പാസ് തന്നില്ല എന്ന പരാതിയുമായി ദേശിയ അവാര്‍ഡ് ജേതാവ് സുരഭി. എന്നാല്‍ വിഷയത്തില്‍ മറുപടിയുമായി അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ എത്തിയതോടെ മേളയിലെ പുതു വിവാദത്തിന് തുടക്കമായി എന്ന് മാധ്യമലോകം. ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ തന്നെയും തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തെയും അവഗണിച്ചുവെന്നും മേളയിലേക്കുള്ള പാസ് ലഭിക്കുന്നതിനായി സംവിധായകന്‍ കമലിനെ സമീപിച്ചെങ്കിലും സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും സുരഭി ആരോപിച്ചിരുന്നു. എന്നാല്‍ ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള. മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിച്ചു.

അതുപോലെ മേളയില്‍ ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തിലായിരുന്നു സുരഭിയെ വിളിക്കാതിരുന്നത്. എന്നാല്‍ സമാപന ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരിക്കുകയാണെന്നുമാണ് കമല്‍ പറയുന്നത്. അതേസമയം സമാപന ചടങ്ങിന് ക്ഷണിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച് എന്നെ അവഗണിച്ചു എന്ന വാര്‍ത്തകള്‍ ചര്‍ച്ചയായ സാഹചര്യത്തില്‍? മുന്‍കൂട്ടി ഒരു അറിയിപ്പ് പോവും തന്നിട്ടില്ലെന്നും താന്‍ വേറെ ജോലികള്‍ ഒന്നുമില്ലാതെ ഇരിക്കുകയല്ലേ എന്നുമാണ് സുരഭി പറയുന്നത്.