ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി;പ്രമുഖരുടെ മണ്ഡലങ്ങളില്‍ കടുത്ത മത്സരം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മികച്ച പോരാട്ടം അരങ്ങേറും.അതെ സമയം പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ടു ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാര പാര്‍ട്ടികള്‍ക്കു പുറമേ എന്‍.സി.പിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കോണ്‍ഗ്രസില്‍
ചെറിയ ആശങ്കയുയര്‍ത്തുന്നു.

മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു (കോണ്‍ഗ്രസ്) ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബി.ജെ.പിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാദിയയും ബി.ജെ.പിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും കനത്ത മത്സരമായിരിക്കും.

സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തിലെ എല്ലാ മണ്ഡലത്തിലും സ്വന്തം സ്ഥാനാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു ബി.ജെ.പിയുടെ പ്രകടനപത്രിക തന്നെ. ഗുജറാത്ത് വികാരം ജനങ്ങളില്‍ ഉണര്‍ത്തിയും ജാതി പരാമര്‍ശങ്ങളെ കുത്തിയിളക്കിയും വികസന വാദ്ഗാനങ്ങള്‍ വാരിവിതറിയുമായിരുന്നു ബി.ജെ.പിയുടെ വോട്ടു പിടിത്തം.

പട്ടേല്‍, ക്ഷത്രിയ, ആദിവാസി, പിന്നാക്ക, ദലിത് (പഖാം) സമുദായങ്ങളുടെ വിശാലസഖ്യവുമായാണു കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. ഹാര്‍ദിക് പക്ഷത്തിനടക്കം പട്ടേലുകള്‍ക്കും പിന്നാക്ക-ദലിത്- ആദിവാസികള്‍ക്കും മുസ്ലിംകള്‍ക്കും സീറ്റുകള്‍ നല്‍കുകയും ഐക്യജനതാദളുമായി (ശരദ് യാദവ് പക്ഷം) സീറ്റ് ധാരണയിലെത്തുകയും ചെയ്തു.