കോണ്‍ഗ്രസ്സുമായി യാതൊരു രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് സിപിഎം പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ്സുമായി യാതൊരു വിധ രാഷ്ട്രീയ ധാരണയും വേണ്ട എന്ന നിലപാടില്‍ ഉറച്ച് നിന്ന് സിപിഎം പോളിറ്റ് ബ്യൂറോ‍. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ധാരണ വേണ്ട എന്ന കാരാട്ടിന്റെ നിലപാടിനെ പിബിയിലെ 9അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറ് അംഗങ്ങള്‍ യെച്ചൂരിക്കൊപ്പം നിന്നു. കഴിഞ്ഞ മാസം ഒക്ടോബറില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങളിലുള്ള സമാന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് ഈ നിലപാടില്‍ നിന്നും വ്യക്തമാകുന്നത്. നേരത്തെ കോണ്‍ഗ്രസ്സുമായുള്ള സിപിഎമ്മിന്റെ ധാരണയില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടാകാത്തതിനാലാണ് രാഷ്ട്രീയ പ്രമേയ രേഖയുടെ അന്തിമ കരടിന് രൂപം നല്‍കാന്‍ കേന്ദ്രകമ്മറ്റി വിഷയം പിബിക്ക് വിട്ടത്.

ഈ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സീതാറാം യെച്ചൂരി തന്റെ മുന്‍ നിലപാട് അല്‍പം മയപ്പെടുത്തി കൊണ്ടാണ് രംഗത്തു വന്നത്. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണ്ട എന്നും അതേ സമയം തിരഞ്ഞെടുപ്പ് അടവുകള്‍ സ്വീകരിക്കാമെന്നുമുള്ള നയമാണ് യെച്ചൂരി സ്വീകരിച്ചത്. ഇതാണ് പോളിറ്റ് ബ്യൂറോയലെ ഭൂരിപക്ഷവും തള്ളിയത്.