ഡിആര്‍എസ് സംവിധാനത്തെ ‘ധോണി റിവ്യൂ സിസ്റ്റം’ എന്ന് പറയുന്നത് വെറുതെയല്ല;ഇന്നലത്തെ മത്സരത്തില്‍ ധോണിയത് ഒന്നുകൂടി തെളിയിച്ചു-വീഡിയോ

ധരംശാല:ഏകദിന ക്രിക്കറ്റ് അടക്കി വാണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു കഴിഞ്ഞ ദിവസം ശ്രീലങ്കയോടേറ്റ തോല്‍വി.വെറുമൊരു തോല്‍വി മാത്രമായിരുന്നില്ല എന്നതാണ് ആരാധകരെ ഏറെ വിഷമത്തിലാക്കിയത്. എങ്കിലും മുന്‍ നായകന്‍ ധോണിയുടെ പ്രകടനം ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കി എന്നത് മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുണ്ടായിരുന്ന ഏക നിമിഷം.

ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ, കഠിന പ്രയത്‌നം കൊണ്ട് കരകയറ്റി മഹേന്ദ്രസിങ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ രക്ഷകനായി അവതരിക്കുന്ന കാഴ്ചയാണ് ധരംശാല ഏകദിനം ബാക്കിവയ്ക്കുന്നത്. സെഞ്ചുറിയോളം വിലമതിക്കാവുന്ന അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയ ധോണി, ഡി.ആര്‍.എസ് സംവിധാനം ഉപയോഗിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വീണ്ടും തെളിയിക്കുന്നതിനും ധരംശാല സാക്ഷിയായി.

മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തിനെ കൂട്ടുപിടിച്ച് ടീമിനെ കൈപിടിച്ചു കയറ്റുന്നതിനിടെയാണ് ഡി.ആര്‍.എസ് സംവിധാനം കൃത്യമായി ഉപയോഗിച്ച് ധോണി ആരാധകരുടെ കയ്യടി നേടിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 33-ാം ഓവറിലാണ് സംഭവം. സചിത് പതിരണയുടെ പന്തില്‍ ബുംറ എല്‍ബിയില്‍ കുരുങ്ങിയതായി അംപയര്‍ വിളിച്ചപ്പോഴായിരുന്നു ധോണിയുടെ രംഗപ്രവേശം. അംപയര്‍ ഔട്ട് വിളിക്കാന്‍ പോകുന്നുവെന്ന് തോന്നിയപ്പോള്‍ തന്നെ റിവ്യൂവിന് അപ്പീല്‍ നല്‍കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ടിവി റീപ്ലേകളില്‍ പന്തിന്റെ ഇംപാക്ട് ലൈനിന് പുറത്താണെന്ന് വ്യക്തമായതോടെ അംപയര്‍ക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. ധോണിയുടെ ആരാധകര്‍ക്ക് ഇതില്‍പ്പരമൊരു സന്തോഷമുണ്ടോ? സമൂഹമാധ്യമങ്ങളിലെല്ലാം ഡി.ആര്‍.എസ് അഥവാ ‘ധോണി റിവ്യൂ സിസ്റ്റം വൈറലാവുകയും ചെയ്തു.