ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു നടത്തുന്ന മാര്‍ച്ച് തുടങ്ങി. ആയിരക്കണക്കിനു പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പാളയം സെന്റ് ജോസഫ് ദേവാലയത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നത്. ലത്തീന്‍ കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ചുഴലിക്കാറ്റ് വീശി ദിവസങ്ങള്‍ കഴിഞ്ഞിട്ടും 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സാധിക്കാത്തതാണ് സഭയെ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് എത്തിച്ചത്. കടലില്‍ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരാത്ത പക്ഷം വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് ലത്തീന്‍ അതിരൂപാസഭ അറിയിച്ചു.

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സുസൈപാക്യം ആവശ്യപ്പെട്ടു. തീരദേശവാസികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും, തീരദേശ സംരക്ഷണത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഭവന്‍ മാര്‍ച്ച് ഉല്‍ഘാടനംചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുസൈപാക്യം.